അമേരിക്കയ്ക്ക് സമാനമായി കാനഡ കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും അമേരിക്കയില്‍ നിന്നും കാനഡയില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ആദ്യ ആറ് ദിവസങ്ങളില്‍ ന്യൂയോര്‍ക്കിനും ക്യുബെക്കിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ കര-തുറമുഖമായ സെന്റ് ബെര്‍ണാര്‍ഡ്-ഡി- ലാക്കോള്‍ ബോര്‍ഡര്‍ ക്രോസിംഗിലെ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് 761 അസൈലം അപേക്ഷകളാണ് ലഭിച്ചത്.
കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം മുമ്പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 400 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ക്രോസിംഗിലെ ക്ലെയിമുകളുടെ എണ്ണം 128 ശതമാനം വര്‍ധിച്ചു. വര്‍ഷാരംഭം മുതല്‍ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കുടിയേറ്റ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍ക്കിടയിലാണ് അഭയാര്‍ത്ഥികള്‍ കാനഡയിലേക്ക് ഒഴുകിയെത്തുന്നത്. സമീപ മാസങ്ങളിലായി അമേരിക്കന്‍ അധികാരികള്‍ കുടിയേറ്റ അറസ്റ്റുകള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. താല്‍ക്കാലിക മാനുഷിക പദ്ധതികള്‍ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ അമേരിക്കയില്‍ കുടിയേറിയവര്‍ മറ്റ് രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പ്രവേശിക്കുകയാണ് ചെയ്യുന്നത്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല, മറ്റ് രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിന് ആളുകള്‍ക്ക് അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും വര്‍ഷങ്ങളായി അവസരമൊരുക്കിയിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതോടുകൂടി നിയമങ്ങള്‍ കര്‍ക്കശമാക്കി തുടങ്ങി. ട്രംപിന്റെ പ്രസ്താവനകളും കുടിയേറ്റ നിയമങ്ങളും മറ്റും അനധികൃത കുടിയേറ്റക്കാരെയും വിദേശ പൗരന്മാരെയും രാജ്യത്ത് നിന്നും കൂട്ടമായി ഒഴിയുന്നതിന് നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.
കണക്കുകള്‍ പ്രകാരം, കനേഡിയന്‍ ലാന്‍ഡ് ക്രോസിംഗുകളില്‍ അഭയം തേടുന്നവരില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഹെയ്തി, വെനസ്വേല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊളംബിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും യുഎസ് പൗരന്മാരുമടക്കം ക്രോസിംഗുകളില്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ കുന്നുകൂടുകയാണെന്ന് അധികൃതര്‍ പറയുന്നു.