ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ബോളിവുഡ് നടനും അവതാരകനുമായ കപില്‍ ശര്‍മ്മ പുതുതായി തുറന്ന കഫേയ്ക്ക് നേരെ വെടിവെപ്പ്. സറേയിലെ 84 അവന്യുവിനടുത്തുള്ള 120 സ്ട്രീറ്റിലുള്ള കാപ്‌സ് കഫേയിലേക്ക് വ്യാഴാഴ്ച പുലര്‍ച്ചെ 1.30 നാണ് വെടിവെപ്പുണ്ടായതെന്ന് സറേ പോലീസ് സര്‍വീസ്(എസിപിഎസ്) പറഞ്ഞു. വെടിവെപ്പില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കഫേയുടെ ജനല്‍ച്ചില്ലുകള്‍ വെടിവെപ്പില്‍ തകര്‍ന്നിട്ടുണ്ട്. കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പാണ് കാപ്‌സ് കഫേ പ്രവര്‍ത്തനമാരംഭിച്ചത്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാന്‍ വാദികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ സംഭവം ഞെട്ടിച്ചെന്നും ആഘാതം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോളും പിന്മാറില്ലെന്നും കപില്‍ ശര്‍മ്മ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.
കപില്‍ ശര്‍മ്മയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ കഫേയെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നത് അതോ നടന് നേരെയുള്ള ഭീഷണിയായിരുന്നോ വെടിവെപ്പ് എന്ന് വ്യക്തമല്ല. ദക്ഷിണേഷ്യന്‍ സമൂഹത്തിന് നേരെ നടക്കുന്ന വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഈ വെടിവെപ്പും ആശങ്കപ്പെടുത്തുന്നതാണെന്ന് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ പറഞ്ഞു.