സതേണ്‍ ആല്‍ബെര്‍ട്ടയില്‍ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ 16 വയസ്സുള്ള കൗമാരക്കാരിയെ കണ്ടെത്തി. ജൂലൈ 4 ന് വെള്ളിയാഴ്ച കാര്‍ഡ്സ്റ്റണില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്ലെന്‍വുഡ് ടൗണിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ട കാറില്‍ മൃതദേഹം കണ്ടെത്തിയതെന്ന് ആര്‍സിഎംപി പറഞ്ഞു. കാല്‍ഗറി സ്വദേശിനിയായ ജോര്‍ഡിന്‍ റൈലി ഡൈന്‍സിന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായവും അഭ്യര്‍ത്ഥിച്ചു.
മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, ജൂലൈ 3 ന് കാല്‍ഗറിയിലെ ചിനൂക്ക് സെന്റര്‍ മാളില്‍ ഉച്ചയ്ക്ക് 2.45 ഓടെയാണ് ഡൈന്‍സിനെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. കറുത്ത സ്റ്റീല്‍ റിമ്മുകളുള്ള 2009 മോഡല്‍ ടൊയോട്ട കാമ്രി എന്ന കാറിലാണ് മൃതദേഹം കണ്ടത്. കാര്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജൂലൈ 4ന് രാവിലെ കാര്‍ കാണാതായതായി ഉടമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡൈന്‍സിന്റെയും കാറിന്റെയും ചിത്രങ്ങള്‍ ആര്‍സിഎംപി പുറത്തുവിട്ടു. പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-653-4931 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.