അഞ്ച് തവണ ആവര്‍ത്തിച്ച് ഡ്രൈവിംഗ് നിയമലംഘനം നടത്തിയ കുറ്റത്തിന് അറസ്റ്റിലായ പ്രതിക്ക് ജാമ്യം. ജൂലൈ 5 ന് വൈകുന്നേരം 4 മണിയോടെ ഹൈവേ 50 യിലും കോളറൈന്‍ ഡ്രൈവിലും നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇയാളെ പീല്‍ റീജിയണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ 21 വയസ്സുള്ള യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പോലീസ് പറഞ്ഞു. ജീവിതകാലം മുഴുവന്‍ പരുക്കിന്റെ ആഘാതം നിലനിന്നേക്കാമെന്നാണ് കരുതുന്നതെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. മിസിസാഗ സ്വദേശിയായ കൗശല്‍ കാസിറാം(58) എന്നയാളാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ക്കെതിരെ പരുക്കേല്‍പ്പിക്കുന്ന തരത്തില്‍ വാഹനമോടിക്കല്‍, മദ്യലഹരിയില്‍ വാഹനമോടിക്കല്‍, നിരോധിത വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. ജാമ്യപേക്ഷ പരിഗണിച്ച് കാസിറാമിനെ വാഹനം ഓടിക്കരുതെന്ന വ്യവസ്ഥയോടെ വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.