അടിയന്തര പരിചരണം തേടിയതിന് പിന്നാലെ മരിച്ച വാൻകൂവർ സ്വദേശിയായ 11 വയസ്സുള്ള ആൺകുട്ടിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ രംഗത്ത്. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥാപരമായ മാറ്റം ആവശ്യമാണെന്നും ഇവർ പറഞ്ഞു.
2024 നവംബറിലാണ് ബ്രെയ്ഡൻ റോബിൻസൻ എന്ന പതിനൊന്ന് വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ചത്. നോർത്ത് ഐലൻഡ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബ്രെയ്ഡൻ റോബിൻസ നെ രണ്ടുതവണ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവസ്ഥ ഗുരുതരമായപ്പോൾ വാൻകൂവറിലെ ബിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് അടിയന്തിരമായി കൊണ്ടുപോകാൻ ഹെലികോപ്റ്റർ ലഭ്യമാകാത്തതും തിരിച്ചടിയായി. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം കുട്ടി മരിക്കുകയായിരുന്നു. ഇത്തരം അനുഭവം ഭാവിയിൽ ആർക്കും ഉണ്ടാകരുതെന്ന് കാണിച്ച് ബ്രെയ്ഡൻ്റെ മാതാപിതാക്കൾ അധികൃതർക്ക് കത്ത് എഴുതുകയായിരുന്നു. മെഡിക്കൽ സംവിധാനത്തിലുണ്ടാകുന്ന തടസങ്ങൾ ഇല്ലാതാക്കാൻ സമൂല മാറ്റം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു. മെഡിക്കൽ എമർജൻസി അപൂർവ്വമോ പെട്ടെന്നുള്ളതോ ആയ ഒരു സംഭവമായിരുന്നില്ല എന്നും കൃത്യമായ ചികിത്സ നൽകുന്നതിൽ ആശുപത്രിക്കാർ പരാജയപ്പെട്ടെന്നും കൂടുംബം പറയുന്നു. പീഡിയാട്രിക് എമർജൻസി കെയറിൽ മികച്ച ചികിത്സ ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു.
പീഡിയാട്രിക് ട്രാൻസ്പോർട്ട് സർവീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ആശുപത്രികളിൽ പീഡിയാട്രിക് പരിശീലനം ലഭിച്ച ഫിസിഷ്യൻമാരെയും നഴ്‌സുമാരെയും നിയമിക്കുന്നതിന് മുൻഗണന നൽകണമെന്നും കുട്ടിയുടെ മാതാപിതാക്കൾ പ്രവിശ്യ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.