തീവ്രവാദികളെ ഇല്ലാതാക്കാൻ കാനഡയിലെ സായുധ സേനകൾ പരിശോധന ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ. സർക്കാർ വിരുദ്ധ സായുധ സംഘം രൂപീകരിക്കാനുള്ള ഗൂഢാലോചനയുടെ പേരിൽ കനേഡിയൻ സായുധ സേനയിലെ അംഗങ്ങൾക്കെതിരെ ഭീകരവാദ കുറ്റങ്ങൾ ചുമത്തിയതിന് പിന്നാലെയാണ് വിദഗദ്ധരുടെ അഭിപ്രായ പ്രകടനം. സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെൻ്റെ ഘട്ടത്തിൽ തന്നെ മികച്ച പരിശോധന നടത്തേണ്ടതുണ്ടെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് ഇവർ പറയുന്നു.
ചൊവ്വാഴ്ച കുറ്റം ചുമത്തിയ നാലുപേരിൽ രണ്ടുപേർ സായുധ സേനയിലെ സജീവ അംഗങ്ങളാണെന്ന വസ്തുത, സൈന്യം ഇത്തരക്കാരെ കണ്ടെത്താൻ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നതിൻ്റെ തെളിവാണ് എന്ന് ആൽബെർട്ട സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ആൻഡി നൈറ്റ് പറഞ്ഞു. സൈന്യത്തിനെതിരെ തിരിയുകയും ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ച് ആർസിഎംപി കഴിഞ്ഞ ദിവസമാണ് രണ്ട് സൈനികർക്കെതിരെ കുറ്റം ചുമത്തിയത്. രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ ക്യൂബെക്കിൽ നിന്നുള്ള മൂന്ന് പേർക്ക് എതിരെ തീവ്രവാദ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കനേഡിയൻ സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്. പുതിയ സംഭവവികാസങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ആൻഡി നൈറ്റ് പറഞ്ഞു. കാരണം പ്രതിരോധ വകുപ്പിനു വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണത്തിൽ ചില സൈനിക അംഗങ്ങൾക്കിടയിൽ വംശീയവും തീവ്രവാദപരവുമായ വിശ്വാസങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റം ചുമത്തപ്പെട്ടവരിൽ നിന്നും സ്ഫോടകവസ്തുക്കൾ, അസോൾട്ട് റൈഫിളുകൾ അടക്കം വലിയ ആയുധശേഖരവും കണ്ടെത്തിയിരുന്നു. കാനഡയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഏറ്റവും വലിയ ആയുധശേഖരമായിരുന്നു ഇത്.