അമേരിക്കയിൽ പുതിയ വീടുകൾ വാങ്ങുന്നതിൽ കൂടുതൽ പേരും റിയൽ എസ്റ്റേറ്റ് നിക്ഷേപകരെന്ന് റിപ്പോർട്ട്. വീടുകളുടെ വില കുതിച്ചുയരുകയും വായ്പകൾക്ക് ചെലവേറുകയും ചെയ്തതോടെ പലർക്കും വീട് എന്നത് താങ്ങവുന്നതിലും അപ്പുറമായി. ഈ സാഹചര്യം മുതലെടുത്ത് നിക്ഷേപകർ വീടുകൾ വാങ്ങിക്കൂട്ടുകയാണ്.
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ വിറ്റഴിക്കപ്പെട്ട മൊത്തം വീടുകളിൽ ഏകദേശം 27 ശതമാനവും നിക്ഷേപകരാണ് വാങ്ങിയതെന്ന് ബാച്ച്ഡാറ്റയുടെ റിപ്പോർട്ട് പറയുന്നു. റിയൽ എസ്റ്റേറ്റ് ഡാറ്റ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് ബാച്ച്ഡാറ്റ. 2020 നും 2023 നും ഇടയിൽ, നിക്ഷേപകർ വാങ്ങിയ വീടുകൾ ശരാശരി 18.5 ശതമാനമായിരുന്നു. ജനുവരി-മാർച്ച് പാദത്തിൽ നിക്ഷേപകർ മൊത്തത്തിൽ 265,000 വീടുകൾ വാങ്ങി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.2 ശതമാനം വർധനവാണ് ഇതെന്ന് കമ്പനി അറിയിച്ചു. നിക്ഷേപകരുടെ വീട് വാങ്ങലിലെ വർധനയും മറ്റുള്ളവരുടെ വീട് വാങ്ങലിലെ കുറവും ഭവന വിപണി എത്രത്തോളം മന്ദഗതിയിലായി എന്നതിൻ്റെ പ്രതിഫലനമാണെന്ന് ബാച്ച്ഡാറ്റ വ്യക്തമാക്കുന്നു. പാൻഡെമിക് സമയത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ നിന്ന് മോർട്ട്ഗേജ് നിരക്കുകൾ ഉയരാൻ തുടങ്ങിയ 2022 മുതൽ അമേരിക്കയിലെ ഭവന വിപണിയിൽ മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ഭവന വിൽപ്പന 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു.