ഇൻബോക്‌സ് ഇനി കൂടുതൽ വൃത്തിയാകും, ജിമെയിലിൽ 'മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ' ഫീച്ചറുമായി ഗൂഗിൾ

By: 600007 On: Jul 10, 2025, 1:07 PM

 

 

 

ജിമെയിലിലെ നിങ്ങളുടെ ഇൻബോക്‌സ് കൈകാര്യം ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാകും. ജിമെയിലിനായി 'മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ' എന്ന പുതിയതും വളരെ ഉപയോഗപ്രദവുമായ ഫീച്ചര്‍ ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. നേരത്തെ വെബ് ക്ലയന്‍റിൽ മാത്രമേ ഈ സവിശേഷത പുറത്തിറക്കിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് ആൻഡ്രോയ്‌ഡ്, ഐഒഎസ്, വെബ് എന്നീ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും പുറത്തിറക്കി. ഈ ഫീച്ചറിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ സബ്‌സ്‌ക്രിപ്‌ഷനുകളും വാർത്താക്കുറിപ്പുകളും ഒരിടത്ത് നിന്ന് കൈകാര്യം ചെയ്യാനും അൺസബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.

എന്താണ് 'മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ'ഫീച്ചർ?

മെയിലിംഗ് ലിസ്റ്റുകൾ, പ്രതിവാര വാർത്താക്കുറിപ്പുകൾ അല്ലെങ്കിൽ പ്രൊമോഷണൽ ഇമെയിലുകൾ പോലുള്ള ഇനി എളുപ്പത്തിൽ അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിൾ പറയുന്നു. ഇൻബോക്സ് കൂടുതൽ വൃത്തിയുള്ളതും കൂടുതൽ മികച്ചതുമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

ഈ ഓപ്ഷൻ എവിടെ നിന്ന് ലഭിക്കും?

'മാനേജ് സബ്‌സ്‌ക്രിപ്‌ഷൻ' ആക്‌സസ് ചെയ്യുന്നത് വളരെ ലളിതമാണ്. ജിമെയിൽ ആപ്പ് തുറന്ന്, മുകളിൽ ഇടത് കോണിലുള്ള നാവിഗേഷൻ ബാറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്യുക. ജിമെയിലിന്‍റെ വെബ് ക്ലയന്‍റിലെ ഇടതുവശത്തുള്ള ടൂൾബാറിൽ 'മോർ' വിഭാഗത്തിന് കീഴിലാണ് ഈ ഓപ്ഷൻ ദൃശ്യമാകുന്നത്. അതേസമയം ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഒരേ ടൂൾബാറിൽ 'ട്രാഷ്' ഓപ്ഷന് കീഴിലാണ് ഇത് ലഭ്യമാകുന്നത്.

ജിമെയിലിലെ ഈ സവിശേഷതയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഒരു വർഷമായി ഇത് പരീക്ഷണത്തിൽ ആയിരുന്നു. ഗൂഗിൾ ഈ സവിശേഷത ആദ്യമായി ഏപ്രിലിൽ ആൻഡ്രോയ്‌ഡിൽ പരീക്ഷിച്ചുതുടങ്ങി. കഴിഞ്ഞ മാസം ഇത് ജിമെയിലിന്‍റെ വെബ് ക്ലയന്‍റിലേക്കും ഇത് അവതരിപ്പിച്ചു.