ടൊറന്റോയില്‍ ലിഥിയം അയേണ്‍ ബാറ്ററി തീപിടുത്തം രണ്ട് വര്‍ഷത്തിനിടെ 162 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Jul 10, 2025, 11:10 AM

 

ടൊറന്റോയില്‍ ലിഥിയം-അയേണ്‍ ബാറ്ററികള്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം രണ്ട് ര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമായെന്ന് റിപ്പോര്‍ട്ട്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ തീപിടുത്തങ്ങളുടെ എണ്ണം 162 ശതമാനം വര്‍ധിച്ചതായി സിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ല്‍ 29 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 76 ആയി വര്‍ധിച്ചു. ഈ വര്‍ഷം 43 തീപിടുത്തങ്ങള്‍ ലിഥിയം-അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായിട്ടുണ്ടെന്ന് സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ലിഥിയം-അയേണ്‍ ബാറ്ററികള്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ പലതും തടയാവുന്നവയാണെന്ന് ടൊറന്റോ ഫയര്‍ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. ബാറ്ററി തീപിടുത്തങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി പൊതുസുരക്ഷാ ക്യാമ്പയ്ന്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇ-ബൈക്കുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം-അയേണ്‍ ബാറ്ററികള്‍ പൊതുവേ സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ ബാറ്ററികള്‍ കേടായാലോ, കൃത്രിമത്വം കാണിച്ചാലോ അവ അപകടകരമാകുമെന്ന് ജിം ജെസ്സോപ്പ് മുന്നറിയിപ്പ് നല്‍കി. ബാറ്ററി സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.