കാല്‍ഗറി സ്റ്റാംപീഡ് മിഡ്‌വേയില്‍ മൂന്ന് യുവാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അക്രമി സംഘത്തെ തിരഞ്ഞ് കാല്‍ഗറി പോലീസ്. ജൂലൈ 8 ചൊവ്വാഴ്ച രാത്രി 11.05 ന് മിഡ്‌വേയിലെ യൂറോസ്ലൈഡിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ ഗുരുതരമായ പരുക്കുകളോടെ കിടക്കുകയായിരുന്ന യുവാവിനെയാണ് കണ്ടത്. ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഉടന്‍ പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
രണ്ട് പേര്‍ക്കെതിരെ നടന്ന ആക്രമണമാണ് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്തത്. 17 അവന്യു സൗത്ത്ഈസ്റ്റിനും മക്ലിയോഡ് ട്രെയില്‍ സൗത്ത്ഈസ്റ്റിനും സമീപത്തായി ഒരു യുവാവും എള്‍ട്ടണ്‍ സ്ട്രീറ്റ് സൗത്ത്‌വെസ്റ്റിനും 27 അവന്യു സൗത്ത്‌വെസ്റ്റിനും സമീപത്തായി മറ്റൊരു യുവാവുമാണ് ആക്രമണത്തിനിരകളായത്. മിഡ്‌വേയില്‍ നടന്ന ആക്രമണത്തിന് ഇരുവരും ഇരകളായെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് യാദൃശ്ചിക സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.