ബാങ്ക് തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് 14,000 ഡോളർ നഷ്ടപ്പെട്ടതിന് ഉപഭോക്താവ് ഉത്തരവാദിയാണെന്ന് ആർബിസി. ബാങ്കിൻ്റെ പേരിൽ വിളിച്ചാണ് പലരിൽ നിന്നും തട്ടിപ്പ് നടത്തുന്നത്. മെലീസ പ്ലെറ്റ് എന്ന യുവതിക്ക് ഇത്തരമൊരു തട്ടിപ്പിലൂടെ 14510 ഡോളറാണ് നഷ്ടപ്പെട്ടത്.
ബാങ്കിൽ നിന്നെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ മെലീസയെ വിളിച്ചത്. തുടർന്ന് ബാങ്കിൻ്റെ ആപ്പിൽ ലോഗിൻ ചെയ്യാൻ ആവശ്യപ്പെട്ടു. മെലീസയുടെ അക്കൌണ്ടിൽ ചിലർ 2000 ഡോളർ മോഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതൊഴിവാക്കാൻ ചില നിർദ്ദേശങ്ങളും ഫോണിൽ വിളിച്ചയാൾ നല്കി. ഇത് ചെയ്തയുടനെ മെലീസയ്ക്ക് അക്കൌണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ഇത്തരം തട്ടിപ്പുകൾ പുതിയതല്ല, പക്ഷേ ഇപ്പോഴത് കൂടുതൽ സങ്കീർണമായി വളരുകയും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ, തട്ടിപ്പിന് ഇരയായ 677 പേരിൽ നിന്ന്, കനേഡിയൻ ആൻ്റി-ഫ്രോഡ് സെൻ്റർ വിവരങ്ങൾ ശേഖരിച്ചു. ഇതനുസരിച്ച് ഇത്തരം തട്ടിപ്പുകളിലൂടെ 11.7 മില്യൺ ഡോളർ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് തെളിയുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടപ്പെട്ട തുകയുടെ ഇരട്ടിയോളം വരും ഇത്.
തട്ടിപ്പിന് ഇരയായ കുറഞ്ഞത് 220 ആർബിസി ഉപഭോക്താക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്തമോൺട്രിയൽ പോലീസ് വ്യക്തമാക്കി. മൊത്തം 1.5 മില്യൺ ഡോളറിൻ്റെ നഷ്ടം പോലീസ് കണക്കാക്കുന്നു. തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ ലഭിക്കാൻ ബാങ്കുകളെ സമീപിക്കാവുന്നതാണ്. എന്നാൽ ബാങ്കുകൾ പലപ്പോഴും ഉപഭോക്താവിനെ ഉത്തരവാദിയാക്കി അവരുടെ അഭ്യർത്ഥന നിരസിക്കുകയോ ഭാഗികമായ റീഫണ്ട് മാത്രം നൽകുകയോ ആണ് ചെയ്യുന്നത് . മെലീസ പ്ലെറ്റ് എന്ന യുവതിക്കും ഇതാണ് സംഭവിച്ചത്. ബാങ്ക് അവർക്ക് നഷ്ടമായ പണം മടക്കി നല്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്ന പണം ബാങ്കുകൾ തിരികെ നല്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.