വിമാനത്താവളങ്ങളിൽ ഷൂസ് ഊരിയുള്ള സുരക്ഷാ പരിശോധനയ്ക്ക് അവസാനമിട്ട് യുഎസ്

By: 600110 On: Jul 9, 2025, 12:22 PM

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾക്കായി യാത്രക്കാർ ഇനി ഷൂസ് ഊരിവെക്കേണ്ടതില്ലെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയ ഈ രീതി രാജ്യവ്യാപകമായി ഉടൻ പിൻവിക്കുമെന്ന് നോയെം പറഞ്ഞു.

ഷൂസ് ഊരിയുള്ള പരിശോധന ഇല്ലാതെ തന്നെ സുരക്ഷാ പരിശോധന നടത്താൻ വേണ്ട ഉപകരണങ്ങൾ യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് (ടിഎസ്എ) ഉണ്ടെന്ന് ഒരു പൈലറ്റ് പ്രോഗ്രാം തെളിയിച്ചതായി അവർ പറഞ്ഞു. മിക്ക അമേരിക്കക്കാർക്കും ഈ തീരുമാനം സന്തോഷം നൽകുമെന്നും നോയം പറഞ്ഞു. ഷൂ നീക്കം ചെയ്യുന്നത് ഇപ്പോൾ സാധാരണ നടപടിക്രമമല്ലെങ്കിലും, കൂടുതൽ സ്‌ക്രീനിംഗ് നടപടികൾ ആവശ്യമാണെന്ന് തങ്ങൾ കരുതുന്നുവെങ്കിൽ  ചില യാത്രക്കാരോട് അവരുടെ ഷൂസ് അഴിക്കാൻ ആവശ്യപ്പെട്ടേക്കാം എന്നും അവർ വ്യക്തമാക്കി. 2001ൽ പാരീസിൽ നിന്ന് മിയാമിയിലേക്കുള്ള വിമാനം തകർക്കാൻ "ഷൂ ബോംബർ" എന്നറിയപ്പെട്ട റിച്ചാർഡ് റീഡ് എന്നയാൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു ഉണ്ടായത്. ഇതേ തുടർന്ന് 2006 മുതലാണ് അമേരിക്കയിൽ ഷൂസ് ഊരിയുള്ള സുരക്ഷാ പരിശോധന നിർബന്ധനമാക്കിയത്. ഇതനുസരിച്ച് 12 നും 75 നും ഇടയിൽ പ്രായമുള്ള എല്ലാ യാത്രക്കാരും അവരുടെ ഷൂസ് ഊരിയുള്ള പരിശോധനയ്ക്ക് വിധേയരാകണമായിരുന്നു.