സായുധ സംഘം രൂപീകരിച്ച് ഭൂമി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ആർസിഎംപി സൈനികർക്കെതിരെ കുറ്റം ചുമത്തി. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ക്യൂബെക്കിൽ മൂന്ന് പേർക്ക് എതിരെ തീവ്രവാദ കുറ്റങ്ങൾ ചുമത്തിയത്.
കനേഡിയൻ സായുധ സേനയിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്. ക്യൂബെക്ക് സിറ്റിയിൽ നിന്നുള്ള മാർക്ക്-ഔറേൽ ചാബോട്ട്, ന്യൂവില്ലെയിൽ നിന്നുള്ള സൈമൺ ആഞ്ചേഴ്‌സ്-ഔഡെറ്റ്, ക്യൂബെക്ക് സിറ്റിയിൽ നിന്നുള്ള റാഫേൽ ലഗാസെ എന്നിവർക്കെതിരെ തീവ്രവാദ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയതിന് ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആയുധം കൈവശം വച്ചതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വൻതോതിലുള്ള ആയുധശേഖരം ഉപയോഗിച്ച് സർക്കാർ വിരുദ്ധ സേന രൂപീകരിക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി സൈനിക രീതിയിലുള്ള വെടിവയ്പ്പ്, ആക്രമണം തുടങ്ങിയവ പരിശീലിക്കുകയും ചെയ്തിരുന്നതായി ആർസിഎംപി പറയുന്നു. ക്യൂബെക്ക് സിറ്റി പ്രദേശത്തെ ഭൂമി ബലമായി കൈവശപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഗൂഢാലോചനയിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നു RCMP പറഞ്ഞു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവർ ഇപ്പോഴും കസ്റ്റഡിയിലാണ്. 14ആം തീയതിയാണ് കേസ് ഇനി പരിഗണിക്കുക.