കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡൗണ്‍ടൗണിലേക്കും അവിടെ നിന്ന് ബാന്‍ഫിലേക്കും പാസഞ്ചര്‍ റെയില്‍ സര്‍വീസ് ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളുടെ സമീപകാല പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നതും ഇതാണ്. കാനഡ പുതുതായി പാസാക്കിയ ബില്‍ഡിംഗ് കാനഡ ആക്ടിന് കീഴില്‍ ദേശീയ താല്‍പ്പര്യ പദ്ധതികളായി പരിഗണിക്കാവുന്ന പദ്ധതിയാണിത്.
ജൂണ്‍ അവസാനം പുറത്തിറങ്ങിയ ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ പാസഞ്ചര്‍ റെയില്‍ മാസ്റ്റര്‍ പ്ലാന്‍ അപ്‌ഡേറ്റില്‍ പ്രവിശ്യയിലെ 91 ശതമാനം ആളുകളും 2030 ഓടെ പാസഞ്ചര്‍ റെയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ആഗ്രഹിക്കുന്നതായി പറയുന്നു. 80 ശതമാനം പേര്‍ വികസനത്തില്‍ പ്രവിശ്യാ നിക്ഷേപത്തെ പിന്തുണയ്ക്കുന്നു. പ്രവിശ്യയിലെ 20,000 ത്തിലധികം പേരില്‍ നടത്തിയ സര്‍വേയില്‍ കാല്‍ഗറിയില്‍ നിന്ന് എഡ്മന്റണിലേക്കും ബാന്‍ഫിലേക്കും പദ്ധതി ആവശ്യമാണെന്ന് അഭിപ്രായമുയര്‍ന്നു. ഭാവിയിലെ പ്രാദേശിക റെയില്‍ ശൃംഖലകളുടെ പ്രധാന റൂട്ടുകളായിരിക്കും ഇവയെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി വരുന്നതോടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം വര്‍ധിപ്പിക്കാനും മലനീകരണം കുറയ്ക്കാനും അഫോര്‍ഡബിള്‍ ഭവന നിര്‍മാണത്തിന് പിന്തുണയേകാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാല്‍ഗറിയിലെ എയര്‍പോര്‍ട്ട് റെയില്‍ കണക്ഷന്‍ സ്റ്റഡിയുമായി ഈ പദ്ധതി യോജിക്കുന്നു. ഇത് വിമാനത്താവളത്തില്‍ നിന്ന് സിപികെസി റെയില്‍ ഇടനാഴി വഴി റിവേഴ്‌സ് ഡിസ്ട്രിക്റ്റിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു.