പ്രൈം ഡേ വരാനിരിക്കുന്നു; ആമസോണിന്റെ 'ന്യായ വില നയ'ത്തില്‍ അന്വേഷണം നടത്തി കോമ്പറ്റീഷന്‍ ബ്യൂറോ 

By: 600002 On: Jul 9, 2025, 9:45 AM

 

പ്രൈം ഡേ വില്‍പ്പന അടുത്തുവരാനിരിക്കെ ആമസോണിന്റെ 'ഫെയര്‍ പ്രൈസിംഗ് പോളിസി'യില്‍ അന്വേഷണം നടത്താനൊരുങ്ങി കോമ്പറ്റീഷന്‍ ബ്യൂറോ ഓഫ് കാനഡ. അന്വേഷണത്തിന് കോടതി ഉത്തരവ് നേടിയിട്ടുണ്ട്. ആമസോണിന്റെ ഈ നയം ഓണ്‍ലൈന്‍ വിലനിര്‍ണയത്തെ സ്വാധീനിക്കുമെന്ന ബ്യൂറോയുടെ വിലയിരുത്തലാണ് അന്വേഷണം നടത്തണമെന്ന ഉത്തരവിലെത്തിച്ചത്. 2024 ജൂണ്‍ മുതല്‍ ആമസോണിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ചുള്ള ബ്യൂറോയുടെ അന്വേഷണത്തിന്റെ ഭാഗമാണിത്. 

മറ്റ് ലിസ്റ്റിംഗുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നാം കക്ഷി വില്‍പ്പനക്കാരന്റെ ഉല്‍പ്പന്നത്തിന്റെ വില വളരെ ഉയര്‍ന്നതാണെന്ന് ആമസോണിന് തോന്നിയാല്‍, ലിസ്റ്റിംഗുകള്‍ നീക്കം ചെയ്യാന്‍ റീട്ടെയ്ല്‍ ഭീമന്മാരുടെ നയം അനുവദിക്കുന്നു. ഈ നയം ആമസോണിന് വില്‍പ്പനക്കാരില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ അനുവദിക്കുമോയെന്ന് കണ്ടെത്താന്‍ ബ്യൂറോ പ്രവര്‍ത്തിക്കുന്നു. 

ഈ നയം മൂന്നാം കക്ഷി വില്‍പ്പനക്കാര്‍ക്ക് സ്വന്തം വെബ്‌സൈറ്റുകളില്‍ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുമെന്നും ഇത് ചില്ലറ വ്യാപാരികള്‍ തമ്മിലുള്ള മത്സരം തടയുമെന്നും ബ്യൂറോ ആശങ്ക പങ്കുവെച്ചു. കോടതി ഉത്തരവ് പ്രകാരം കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് പ്രസക്തമായ വിവരങ്ങളും ആമസോണിനോട് ആവശ്യപ്പെടാന്‍ ബ്യൂറോയ്ക്ക് കഴിയും.