ഗൂഗിളിനോട് എന്തും ചോദിക്കൂ, ഇനി ഉത്തരം എഐ നല്‍കും! അതിശയിപ്പിക്കുന്ന ഫീച്ചര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും

By: 600007 On: Jul 9, 2025, 8:10 AM

 

 

 

ദില്ലി: ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി എഐ മോഡ് ഔദ്യോഗികമായി പുറത്തിറക്കി. ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ മികച്ചതും കൂടുതൽ സംവേദനാത്മകവുമായ രീതിയിൽ സെര്‍ച്ചിംഗിനുള്ള ഓപ്ഷൻ നൽകുന്നു. ഇപ്പോൾ നിങ്ങൾക്ക് ഗൂഗിളിനോട് എന്തും ചോദിക്കാന്‍ എഐ സെര്‍ച്ച് മോഡിന്‍റെ സഹായം തേടാം. എഐ ഉടൻതന്നെ ഉത്തരം നല്‍കുകയും ചെയ്യും. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ലഭ്യമാവുന്ന സെര്‍ച്ച് ഓപ്ഷന്‍ വൈകാതെ മറ്റ് പ്രാദേശിക ഭാഷകളിലും അവതരിപ്പിക്കപ്പെടും.

ജൂൺ അവസാനത്തിൽ ഗൂഗിൾ ഇന്ത്യയിൽ ഗൂഗിൾ സെർച്ചിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (ജെൻ AI) പവർഡ് എഐ മോഡിന്‍റെ പരീക്ഷണാത്മക പതിപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഗൂഗിൾ ലാബ്‌സിൽ സൈൻ അപ്പ് ചെയ്ത തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമായി ഈ ഫീച്ചര്‍ പരിമിതപ്പെടുത്തിയിരുന്നു. എഐ സെര്‍ച്ച് മോഡ് ഉപയോഗിച്ച ആദ്യ ഉപയോക്താക്കളില്‍ നിന്ന് പ്രതികരണം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കുമായി ഗൂഗിള്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്.

എഐ സെര്‍ച്ച് മോഡ് ഗൂഗിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചതോടെ ഇനി ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ലാബ്‌സ് സൈൻ-അപ്പ് ആവശ്യമില്ല എന്നതാണ് പ്രധാന പ്രത്യേകത. വരും ദിവസങ്ങളിൽ, ഗൂഗിൾ സെർച്ചിലും ഗൂഗിൾ ആപ്പിലും എഐ മോഡ് എന്ന പുതിയ ടാബ് നിങ്ങൾ കാണാൻ തുടങ്ങും. ആദ്യം ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമാവുക. പിന്നീട് മറ്റ് ഭാഷകൾക്കുള്ള പിന്തുണ ലഭിച്ചേക്കും.

 

എഐ മോഡിൽ എന്തായിരിക്കും പ്രത്യേകത?

മുമ്പത്തെ ലാബ്‍സ് പതിപ്പിലുണ്ടായിരുന്ന എല്ലാ സവിശേഷതകളും ഗൂഗിള്‍ എഐ മോഡിലും ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്തുകൊണ്ടോ, വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ചോ, അല്ലെങ്കിൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഫോട്ടോകൾ എടുത്തുകൊണ്ടോ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇതിനുശേഷം, ഗൂഗിൾ അവർക്ക് വിശദമായ ഒരു ഉത്തരം നൽകും. അതിൽ പ്രധാനപ്പെട്ട ലിങ്കുകളും റഫറൻസുകളും ഉണ്ടാകും. ഇതിനുപുറമെ, ഇതേ വിഷയത്തെക്കുറിച്ച് തുടർ ചോദ്യങ്ങളും ചോദിക്കാൻ കഴിയും, ഇത് മികച്ച സംഭാഷണത്തിലേക്ക് നയിക്കും. വിദ്യാർഥികൾ, ഗവേഷകർ, കണ്ടന്‍റ് ക്രിയേറ്റേഴ്സ് തുടങ്ങി ഇന്‍റർനെറ്റിൽ നിന്ന് ദിവസവും പുതിയ എന്തെങ്കിലും പഠിക്കാനോ മനസിലാക്കാനോ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടും എന്നാണ് പ്രതീക്ഷ.