ഇസ്താംബുൾ: തുർക്കിയിലെ തിരക്കേറിയ ഒരു പൊതുസ്ഥലത്ത് വെച്ച് റഷ്യൻ യുവതി സാരി ധരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വിവാദമായ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. ഏതെങ്കിലും സംസ്കാരം ഇഷ്ടപ്പെടുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നത് അംഗീകരിക്കാം, പക്ഷെ അതിന്റെ പേരിൽ പൊതുഇടത്തിൽ വസ്ത്രം മാറുന്നത് ശരിയല്ലെന്നാണ് നിരവധി പേര്‍ വീഡിയോക്ക് കമന്റായി രേഖപ്പെടുത്തുന്നത്.
വീഡിയോയിൽ, ചുവന്ന ബ്ലൗസും ലെഗ്ഗിൻസും ധരിച്ച് ഷോപ്പിംഗ് ബാഗുകളുമായി നിൽക്കുന്ന യുവതി സാരി ധരിക്കാൻ ഒരുങ്ങുന്നതാണ് കാണുന്നത്. ആദ്യം ബ്ലൗസും ലെഗിനും ധരിച്ചെത്തുന്ന യുവതി, പിന്നീട് സാരി ചുറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ചിലര്‍ ഇത് കണ്ട് കയ്യടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മറ്റുചിലർ അന്തംവിട്ട് നോക്കി നിൽഖ്കുന്നതും, അതൃപ്തി പ്രകടിപ്പിക്കുന്നതും കാണാം.
വീഡിയോ അവസാനിക്കുമ്പോൾ, ഒരു സുരക്ഷാ ജീവനക്കാരൻ യുവതിയോട് സ്ഥലം വിടാൻ ആവശ്യപ്പെടുന്നതും കാണാം. ഈ സംഭവത്തിൽ സുരക്ഷാ ജീവനക്കാരന്റെ നിലപാടിനെ മിക്ക നെറ്റിസൺസും പിന്തുണച്ച് രംഗത്തെത്തി. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തെയും സമീപനങ്ങളെയും കുറിച്ച് ഈ സംഭവം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് ഭൂരഭാഗം പേരും കമന്റായി രേഖപ്പെടുത്തുന്നത്.