സിബിസി ന്യൂസിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായെന്ന് മുതിർന്ന  ടിവി ജേർണലിസ്റ്റ്  ട്രാവിസ് ധൻരാജ്

By: 600110 On: Jul 8, 2025, 3:22 PM

 

സിബിസി ന്യൂസിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായി എന്ന് മുതിർന്ന  ടിവി ജേർണലിസ്റ്റ്  ട്രാവിസ് ധൻരാജ്.  "കാനഡ ടുനൈറ്റ്" എന്ന പരിപാടിയുടെ മുൻ അവതാരകൻ സിബിസി ന്യൂസിലെ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ആണ് രാജി പ്രഖ്യാപിച്ചത്.  പ്രതികാരം, ഒഴിവാക്കൽ മനോഭാവം, മാനസിക പീഡനം എന്നിവ നേരിട്ടതായാണ്  ഇമെയിലിലുള്ളത്. 

സിബിസി ന്യൂസ് നെറ്റ്‌വർക്കിൻ്റെ പ്രൈം-ടൈം പ്രോഗ്രാമിൻ്റെ തലപ്പത്ത് എത്തി ഒരു വർഷത്തിനുള്ളിൽ തന്നെ അതിൽ നിന്ന്  ധനരാജ്   പിന്മാറി. അതിനുമുമ്പ് "മാർക്കറ്റ്പ്ലേസ് എന്ന പ്രശസ്ത പരിപാടിയുടെ സഹ-അവതാരകനായിരുന്നു അദ്ദേഹം. എന്നാൽ ചാനലിനും, മാനേജ്‌മെൻ്റിനും ജീവനക്കാർക്കും എതിരായ ട്രാവിസിൻ്റെ ആരോപണങ്ങൾ  നിഷേധിക്കുന്നു എന്ന് സിബിസി വക്താവ് കെറി കെല്ലി പറഞ്ഞു. അതേ സമയം തൻ്റെ പരാതികൾ കനേഡിയൻ മനുഷ്യാവകാശ കമ്മീഷനിൽ സമർപ്പിക്കാനാണ് പദ്ധതിയെന്ന്  ധനരാജിൻ്റെ അഭിഭാഷക കാതറിൻ മാർഷൽ പറഞ്ഞു. ധൻരാജ് കൂടുതൽ ലിബറൽ കാഴ്ചപ്പാട് സ്വീകരിക്കുമെന്നായിരുന്നു CBC കരുതിയതെന്ന് കാതറിൻ മാർഷൽ പറഞ്ഞു. എന്നാൽ ധൻരാജ് തൻ്റെ ഷോയിൽ വിവിധ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിച്ചു, അതിൽ കൂടുതൽ കൺസർവേറ്റീവ്  നിലപാടുകാരെയും ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ CBCയുടെ മാനേജ്മെൻ്റും മുതിർന്ന ജീവനക്കാരും ഇതിനെ എതിര്‍ത്തുവെന്ന് കാതറിൻ മാർഷൽ ആരോപിച്ചു.