സൗദി അറേബ്യയിൽ വധശിക്ഷകൾ കഴിഞ്ഞ വർഷം റെക്കോർഡ് ഉയരത്തിൽ എത്തിയെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ. അക്രമരഹിതമായ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നത്.
കഴിഞ്ഞ വർഷം സൗദി അറേബ്യ 345 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി, മൂന്ന് പതിറ്റാണ്ടിനിടെ ആംനസ്റ്റി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ മാത്രം 180 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സംഘം പറഞ്ഞു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് വീണ്ടും തകർക്കപ്പെടുമെന്നതിൻ്റെ സൂചനയാണ് ഇത് നൽകുന്നത്.
ഈ വർഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ മൂന്നിൽ രണ്ട് ഭാഗവും മാരകമല്ലാത്ത മയക്കുമരുന്ന് കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണെന്ന് ആക്ടിവിസ്റ്റ് ഗ്രൂപ്പായ റിപ്രൈവ് പ്രത്യേകം പറഞ്ഞു. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷകളെക്കുറിച്ചും ആംനസ്റ്റി സമാനമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് സൌദി അറേബ്യ പ്രതികരിച്ചിട്ടില്ല. സൌദിക്ക് പുറമെ ഇറാൻ, കുവൈറ്റ്, യുഎഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ ചുമത്താൻ കഴിയും. ചൈനയും ഇറാനും കഴിഞ്ഞൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് സൗദി അറേബ്യ. മയക്കുമരുന്ന് കേസുകളിൽ വ്യാപകമായി വധശിക്ഷകൾ നല്കാൻ തുടങ്ങിയതോടെ രാജ്യത്ത് വധശിക്ഷയുടെ എണ്ണം ഗണ്യമായി കൂടുമെന്നാണ് വിലയിരുത്തൽ.