പുതിയ പൈപ്പ്‌ലൈൻ, റെയിൽവേ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനായി ഒൻ്റാരിയോയും ആൽബെർട്ടയും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. പുതിയ പൈപ്പ്‌ലൈനുകളിലൂടെയും റെയിൽവേകളിലൂടെയും കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ധാരണാപത്രങ്ങളിൽ ഒപ്പു വച്ചത്.
ഈ വർഷം ഫെഡറേഷൻ കൗൺസിലിൻ്റെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ഫോർഡ്, സ്വതന്ത്ര വ്യാപാരത്തിനും പ്രവിശ്യകൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്. കൂടാതെ വിവിധ പ്രവിശ്യകളുമായി കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നോവ സ്കോഷ്യ, സസ്‌കാച്ചെവൻ, മാനിറ്റോബ തുടങ്ങിയവയുമായുള്ള വിവിധ വ്യാപാര തടസ്സങ്ങൾ ഇല്ലാതാക്കാൻ ഒൻ്റാരിയോ ധാരണയിലെത്തിക്കഴിഞ്ഞു. ആൽബർട്ടയുമായുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് മുന്നോടിയായി, ഫോർഡും ഊർജ്ജ മന്ത്രിയുമായ സ്റ്റീഫൻ ലെക്‌സെയും, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഉദ്യോഗസ്ഥരുമായി ഊർജ്ജ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ചകളും നടത്തി.
കനേഡിയൻ തൊഴിലാളികളെ താരിഫുകളിൽ നിന്നും സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്നും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം, നമ്മുടെ വിഭവങ്ങൾ പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയാണെന്ന് ഫോർഡ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള പുതിയ ഉപഭോക്താക്കൾക്ക് കാനഡയിൽ നിന്നും നിർണായക ധാതുക്കളും ഊർജ്ജവും കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പുതിയ പൈപ്പ്‌ലൈനുകൾ, റെയിൽ ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമ്മിക്കുന്നതിനെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തെന്നും ഫോർഡ് അറിയിച്ചു.