അമേരിക്കയില്‍ 50 ശതമാനം കൊലപാതക കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ല: റിപ്പോര്‍ട്ട് 

By: 600002 On: Jul 8, 2025, 12:02 PM

 

അമേരിക്കയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ 50 ശതമാനത്തോളം കേസുകളിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ പോകുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കെന്റക്കിയിലെ ലൂയിസ് വില്ലെ പോലുള്ള നഗരങ്ങളില്‍ കൊലപാതക കേസുകളിലുള്ള അന്വേഷണങ്ങളില്‍ പകുതിയിലും പോലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകമായി ഈ വിഷയം ഗുരുതരമാണ്. 

2023 ല്‍ കൊലപാതക കേസുകളിലെ ക്ലിയറന്‍സ് നിരക്ക് 58 ശതമാനം ആയിരുന്നുവെങ്കിലും പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ മുന്‍ വര്‍ഷങ്ങളിലെ കൊലപാതകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇത് കൂടുതലാണ്. അതേസമയം, കാനഡയില്‍ ഹോമിസൈഡ് ക്ലിയറന്‍സ് റേറ്റ് ഏകദേശം 70 ശതമാനമാണ്. ടൊറന്റോ പോലീസ് സര്‍വീസിന്റെ ക്ലിയറന്‍സ് റേറ്റ് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 80 ശതമാനമാണ് ടൊറന്റോയിലെ ക്ലിയറന്‍സ് നിരക്ക്. 

അന്വേഷണങ്ങളുടെ വ്യാപ്തിയും പോലീസിന്റെ അവിശ്വാസവും കൊലപാതക അന്വേഷണങ്ങള്‍ക്ക് തടസ്സമായതായി യുഎസിലെ വിദഗ്ധര്‍ പറയുന്നു. കൊലപാതക കേസുകളുടെ അന്വേഷണം നീണ്ടുപോകുന്നത് കുറ്റവാളികള്‍ക്കും കൂസലില്ലാതെയാക്കി. കുറ്റം ചെയ്ത് പേടിയില്ലാതെ അവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന തരത്തിലാക്കിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.