ഗോള്‍ഡന്‍ വിസയില്‍ മുന്‍ നിബന്ധനകളെല്ലാം മാറ്റിവെച്ച് പുതിയ പരിഷ്‌കാരങ്ങളുമായി യുഎഇ. ആജീവനാന്ത യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ എളുപ്പമാണ്. സ്വത്തിലോ ബിസിനസിലോ ഗണ്യമായ നിക്ഷേപം ആവശ്യമായിരുന്ന പഴയ ഗോള്‍ഡന്‍ വിസ സംവിധാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ രീതി. ഇതുവരെ ഇന്ത്യന്‍ അപേക്ഷകര്‍ക്ക് കുറഞ്ഞത് 2 ദശലക്ഷം ദിര്‍ഹം(ഏകദേശം 4.66 കോടി രൂപ) പ്രോപ്പര്‍ട്ടി നിക്ഷേപമോ ബിസിനസ് നിക്ഷേപമോ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഗോള്‍ഡന്‍ വിസ നല്‍കി വന്നിരുന്നത്. എന്നാല്‍ പുതിയ നയ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ 1,00,000 ദിര്‍ഹം(ഏകദേശം 23.30 ലക്ഷം രൂപ) അടച്ചാല്‍ ആജീവനാന്ത യുഎഇ ഗോള്‍ഡന്‍ വിസ നേടാന്‍ കഴിയും.
മൂന്ന് മാസത്തിനുള്ളില്‍ 5,000 ത്തിലധികം ഇന്ത്യക്കാര്‍ ഈ നോമിനേഷന്‍ അധിഷ്ഠിത വിസയ്ക്ക് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പരീക്ഷാണാടിസ്ഥാനത്തില്‍ ഈ വിസാ രീതിക്കായി ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ്. കൂടാതെ, ഇന്ത്യയില്‍ നോമിനേഷന്‍ അധിഷ്ഠിത ഗോള്‍ഡന്‍ വിസ പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കാന്‍ റയാദ് ഗ്രൂപ്പിനെയാണ് യുഎഇ സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുള്ളത്.