നിരവധി വ്യത്യസ്ത രീതികള്‍ ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ബീസി ഫെറീസിന്റെ മുന്നറിയിപ്പ്. ബീസി ഫെറീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇമെയില്‍, മൊബൈല്‍ ഫോണ്‍, സോഷ്യല്‍മീഡിയ, ഓണ്‍ലൈന്‍ സര്‍വേകള്‍, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ തങ്ങളുടെ പ്രതിനിധികളായി വേഷമിട്ട് ആളുകളെ പറ്റിക്കുന്നവരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബീസി ഫെറീസ് മുന്നറിയിപ്പ് നല്‍കുന്നു.
തങ്ങള്‍ ഒരിക്കലും ഉപഭോക്താക്കളെ ഫോണില്‍ വിളിക്കുകയോ ഇ-മെയില്‍ ചെയ്യുകയോ, വിജയിക്കുന്ന സമ്മാനത്തിനായി പണം ആവശ്യപ്പെടുകയോ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പറോ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോദിച്ചറിയില്ലെന്നും ഓണ്‍ലൈന്‍ സര്‍വേകള്‍ നടത്തുകയോ ചെയ്യില്ലെന്നും ബീസി ഫെറീസ് പ്രസ്താവനയില്‍ പറഞ്ഞു.
വെബ്‌സൈറ്റ് സ്പൂഫിംഗ് സ്‌കാം:
ഫെറി സര്‍വീസിന്റെ വെബ്‌സൈറ്റ് bcferries.com ആണ്. എല്ലാ ഓദ്യോഗിക ഇമെയിലുകളും @bcferriesc.com ല്‍ അവസാനിക്കുന്ന വിലാസത്തില്‍ നിന്നായിരിക്കും വരിക. തട്ടിപ്പുകാര്‍ ഉപയോഗിച്ച ചില വ്യാജ സൈറ്റുകളില്‍ ferryservices.website bcferryreservation.online ഉള്‍പ്പെടുന്നു. അതിനാല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കണമെന്ന് ബീസി ഫെറീസ് മുന്നറിയിപ്പ് നല്‍കുന്നു. തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് സെര്‍ച്ച് എഞ്ചിനുകളില്‍ ആഡ് സ്‌പേസ് തട്ടിപ്പുകാര്‍ വാങ്ങി അതുവഴി ബീസി ഫെറീസ് ഉപഭോക്താക്കളെ ബന്ധപ്പെടുന്നു.
ഫിഷിംഗ് ഇമെയില്‍ സ്‌കാം:
ബീസി ഫെറീസില്‍ നിന്നാണെന്ന് തോന്നിപ്പിക്കുന്ന ആവശ്യമില്ലാത്ത ഇമെയില്‍ സന്ദേശം ലഭിക്കും. ഇതില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെടുകയും ഉപഭോക്താക്കള്‍ നല്‍കുന്നതോടെ തട്ടിപ്പിനിരയാക്കുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ പങ്കുവയ്ക്കുന്ന ലിങ്കുകള്‍, ലോഗോകള്‍, അറ്റാച്ച്‌മെന്റുകള്‍ എന്നിവ യഥാര്‍ത്ഥമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഇവ തട്ടിപ്പാണെന്ന് തിരിച്ചറിയണം. ചിലപ്പോള്‍ തങ്ങളുടെ യഥാര്‍ത്ഥ പേരായ ബ്രിട്ടീഷ് കൊളംബിയ ഫെറി സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നതിന് പകരം ബീസി ഫെറി കോര്‍പ്പറേഷന്‍ എന്ന് തെറ്റായി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും ബീസി ഫെറീസ് മുന്നറിയിപ്പ് നല്‍കി.