കാല്‍ഗറി സ്റ്റാംപീഡില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 2024 ലെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള പാതയിലാണിപ്പോള്‍. ശനിയാഴ്ച രാത്രി വരെ 338,000 ഗസ്റ്റുകള്‍ സ്റ്റാംപീഡ് ഗേറ്റിലൂടെ കടന്നുപോയി. ഭൂമിയിലെ ഏറ്റവും മികച്ച ഔട്ട്‌ഡോര്‍ ഷോ എന്നു വിശേഷിപ്പിക്കുന്ന കാല്‍ഗറി സ്റ്റാംപീഡില്‍ ശനിയാഴ്ച മാത്രം 142,199 സന്ദര്‍ശകരാണ് നടന്നുനീങ്ങിയത്. കഴിഞ്ഞ വര്‍ഷം ഈ സമയം 337,000 പേര്‍ പങ്കെടുത്തിരുന്നു. നിലവിലെ റെക്കോര്‍ഡ് 2024 ല്‍ പത്ത് ദിവസത്തിനുള്ളില്‍ സ്ഥാപിച്ച 1.47 മില്യണ്‍ സന്ദര്‍ശകരാണ്.
സ്റ്റാംപീഡിലെത്തുന്ന കാനഡയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രദേശങ്ങള്‍ക്ക് പുറത്തുള്ള സന്ദര്‍ശകര്‍ ഏകദേശം 7 മുതല്‍ 8 ശതമാനം വരും. അതേസമയം, അന്താരാഷ്ട്ര സന്ദര്‍ശകര്‍ മൂന്ന് ശതമാനം വരുമെന്ന് കാല്‍ഗറി സ്റ്റാംപീഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ജൂലി ഫോര്‍ഗെറ്റ് പറഞ്ഞു. സ്റ്റാംപീഡ് പാര്‍ക്കിലെത്തുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗവും കാല്‍ഗറി പ്രദേശത്ത് നിന്നുള്ളവരാണ്.
കൂടാതെ, ആല്‍ബെര്‍ട്ടയിലെ മറ്റ് പ്രദേശങ്ങളിലുള്ളവരും മറ്റ് പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്നുള്ളവരും കാല്‍ഗറി സ്റ്റാംപീഡില്‍ എത്തുന്നുണ്ട്. നിരവധി കനേഡിയന്‍ പൗരന്മാര്‍ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായുള്ള ബിഎംഒ സര്‍വേ പുറത്തുവന്നിരുന്നു. അമേരിക്കയിലേക്കുള്‍പ്പെടെയുള്ള യാത്രകള്‍ കനേഡിയന്‍ പൗരന്മാര്‍ റദ്ദാക്കിയതോടെ സ്റ്റാംപീഡിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍ പറയുന്നു.