ഇനി ഓഗസ്റ്റ് ഒന്നിന് നോക്കാം! ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന പുതിയ തീരുമാനം പ്രഖ്യാപിച്ച് ട്രംപ്; 'പകര തീരുവ മൂന്നാഴ്ചത്തേക്ക് നീട്ടി'

By: 600007 On: Jul 8, 2025, 5:36 AM

 

 

 

വാഷിംഗ്ടൺ: പകര തീരുവയുടെ കാര്യത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനം പ്രഖ്യാപിച്ചു. പകര തീരുവ ഈടാക്കുന്ന തീയതി മൂന്നാഴ്ച്ച നീട്ടിയെന്നാണ് പ്രസിഡന്‍റ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. നാളെ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന തീരുവ നടപടികളാണ് ട്രംപ് തത്കാലത്തേക്ക് നീട്ടിയത്. നിലവിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നിനായിരിക്കും പകര തീരുവ നടപ്പാകുക. അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെടാൻ കൂടുതൽ സമയം നൽകുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്.

അതിനിടെ ജപ്പാൻ, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകിയുള്ള കത്തുകൾ വൈറ്റ് ഹൗസ് അയച്ചു. ഈ കത്തുകൾ ട്രൂത്ത് സോഷ്യലിൽ പ്രസിഡന്‍റ് ട്രംപ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും യു എസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചു. യു എസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു. നിലവിലുള്ള വലിയ വ്യാപാരക്കമ്മി ഉണ്ടായിരുന്നിട്ടും വ്യാപാരം തുടരാൻ യു എസ് തയാറാണെന്നും എന്നാൽ അത് കൂടുതൽ ന്യായവും സന്തുലിതവും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഓഗസ്റ്റ് ഒന്ന് മുതൽ അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും മറ്റ് മേഖലാ താരിഫുകളിൽ നിന്ന് വ്യത്യസ്തമായി ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും 25 ശതമാനം താരിഫ് ഈടാക്കുമെന്നും കത്തിൽ വിവരിച്ചിട്ടുണ്ട്. നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ 25 ശതമാനം എന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ്, ഇരു ഏഷ്യൻ രാജ്യങ്ങൾക്കും അയച്ച കത്തുകളിൽ കുറിച്ചിട്ടുണ്ട്. കരാറുകൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾക്ക് കൂടുതൽ സമയം നൽകിയേക്കാം. ഏകദേശം സമാനമായ രണ്ട് കത്തുകളിൽ, ഈ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ട്രംപ് ഒരു പ്രത്യേക വിഷയമായി ഉയർത്തിക്കാട്ടിയിട്ടുണ്ട്.