ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡന്‍റ്, ആക്രമണം നടത്താൻ ഇസ്രയേൽ ആയുധമാക്കിയത് ഐഎഇഎ റിപ്പോർട്ട്; 'യുദ്ധം തുടരാൻ ആഗ്രഹമില്ല'

By: 600007 On: Jul 7, 2025, 5:48 PM

 

 

 

ടെഹ്റാൻ: ഇറാനെതിരായ ആക്രമണങ്ങളിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) ക്കെതിരെ ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാൻ രംഗത്ത്. ഇറാനെതിരെ ആക്രമണം നടത്താൽ ഐ എ ഇ എ റിപ്പോർട്ട് ഇസ്രയേൽ ആയുധമാക്കിയെന്നാണ് ഇറാൻ പ്രസിഡണ്ടിന്‍റെ ആരോപണം. അതുകൊണ്ടാണ് ഐ എ ഇ എയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്നും മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി.

അതേസമയം യുദ്ധം തുടരാൻ ഇറാന് ആഗ്രഹമില്ലെന്നും പ്രസിഡന്‍റ് വിവരിച്ചു. ആണവവിഷയത്തിൽ ചർച്ചകൾക്ക് ഇപ്പോഴും ഇറാൻ സന്നദ്ധമാണെന്നും മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നും ഇറാൻ പ്രസിഡണ്ട് സമ്മതിച്ചു. എന്നാൽ എത്രത്തോളം നഷ്ടമാണ് സംഭവിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇതുവരെ സ്ഥലം സന്ദർശിച്ച് കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മസൂദ് പെസഷ്‌കിയാൻ വിവരിച്ചത്.