ദിനോസറുകളോടുള്ള ഇഷ്ടം ഇന്ത്യക്കാര്‍ക്ക് തീരുന്നില്ല: ബോക്സോഫീസില്‍ മികച്ച തുടക്കമിട്ട് ജുറാസിക് വേൾഡ്: റീബർത്ത്

By: 600007 On: Jul 7, 2025, 5:30 PM

 

 

 

മുംബൈ: ഹോളിവുഡിന്റെ ജനപ്രിയ ഫ്രഞ്ചെസിയില്‍ പെടുന്ന ജുറാസിക് വേൾഡ്: റീബർത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ജൂലൈ 4-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ ഗ്രോസ് കളക്ഷന്‍ 47 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്.

ജുറാസിക് വേൾഡ്: റീബർത്ത് ഇന്ത്യയിൽ ശക്തമായ തുടക്കമാണ് നേടിയത്. റിലീസിന്റെ ആദ്യ ദിനമായ ജൂലൈ 4-ന് 9 കോടി രൂപയും, ശനിയാഴ്ച 13.5 കോടി രൂപയും, ഞായറാഴ്ച 15.7 കോടി രൂപയും നേടിയ മൊത്തം 38.2 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 3D ചാർജുകൾ ഉൾപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ മൊത്തം കളക്ഷൻ 47 കോടി രൂപയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം ഇംഗ്ലീഷ് 3ഡി, എംഎക്സ്4D പതിപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ ചിത്രം 2022-ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡ്: ഡൊമിനിയൻ എന്ന ചിത്രത്തിന്റെ 44 കോടി രൂപയുടെ ആദ്യ വാരാന്ത്യ കളക്ഷനെ മറികടന്ന് ഇന്ത്യയിൽ ജുറാസിക് പരമ്പരയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷനായി മാറിയിരിക്കുകയാണ്. ജുറാസിക് സിനിമകളോടുള്ള ഇന്ത്യന്‍ പ്രേക്ഷകരുടെ അഭിരുചി ഒന്നുകൂടി ഊട്ടിഉറപ്പിക്കുന്നതാണ് ഈ മികച്ച കളക്ഷന്‍.