പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌ക്. 'അമേരിക്ക പാർട്ടി' എന്നാണ് പേര് നൽകിയിരിക്കുന്നത്. 'നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്', മസ്‌ക് എക്‌സിൽ കുറിച്ചു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ വൈസ് പ്രസിഡൻ്റിൻ്റെ കാസ്റ്റിംഗ് വോട്ടോടെ പാസായതിന് പിന്നാലെയാണ് മസ്‌ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. നേരത്തെ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ള സർവേ മസ്‌ക് എക്‌സിൽ പങ്കുവച്ചിരുന്നു. സർവേയിൽ 64 ശതമാനം പേർ പുതിയ പാർട്ടി വേണമെന്നും 34 ശതമാനം പേർ വേണ്ടെന്നും പ്രതികരിച്ചു. ഇതിന് മറുപടിയായിട്ടാണ് പുതിയ പാർട്ടി മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങൾക്ക് പുതിയ പാർട്ടിയാണ് വേണ്ടതെന്ന് വ്യക്തമായെന്നും നിങ്ങൾക്കത് ലഭിച്ചിരിക്കുമെന്നും മസ്‌ക് പറഞ്ഞു. ട്രംപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന് മസ്‌ക് നേരത്തെ സൂചന നൽകിയിരുന്നു.