കഴിഞ്ഞ ഒരു മാസത്തിനിടെ ദക്ഷിണേഷ്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ള കവര്‍ച്ചാ ഭീഷണികളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി സറേ പോലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 19 ആണെന്ന് സറേ പോലീസ് സര്‍വീസ്(എസ്പിഎസ്) പറയുന്നു. ജൂണ്‍ 13 ന് മാത്രം 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ധിച്ചുവരുന്ന ആക്രമണങ്ങളിലും ഭീഷണികളിലും ദക്ഷിണേഷ്യന്‍ സമൂഹം ആശങ്കയിലാണെന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഭീഷണികളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്നത് ഗുരുതരമായ പ്രശ്‌നമാണ്. സമൂഹം വളരെ അസ്വസ്ഥരാണ്. ബിസിനസ് കമ്മ്യൂണിറ്റി വലിയ ടാക്‌സുകള്‍ അടയ്ക്കുന്നുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് സുരക്ഷ ആവശ്യമാണെന്ന് അവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം സറേയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അശ്രദ്ധമായി തോക്ക് ഉപയോഗിച്ചതിനും തീയിട്ടതിനുമാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ എസ്പിഎസ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, ഭീഷണികളെ നേരിടുന്നതിനായി ബീസി സര്‍ക്കാര്‍ ഒരു പൊതുജന അവബോധ ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.