ആല്‍ബെര്‍ട്ടയിലെ ആരോഗ്യ മേഖല മോശം അവസ്ഥയിലെന്ന് എഎംഎ റിപ്പോര്‍ട്ട് 

By: 600002 On: Jul 7, 2025, 10:06 AM

 

 

ആല്‍ബെര്‍ട്ടയിലെ ആരോഗ്യ പരിചരണ മേഖല മോശം അവസ്ഥയിലെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്റെ(എഎംഎ) റിപ്പോര്‍ട്ട്. ഫാമിലി ഡോക്ടര്‍മാരുടെ ക്ഷാമവും അതുമൂലം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും എമര്‍ജന്‍സി റൂമുകളിലെ നീണ്ട കാത്തിരിപ്പ് സമയവും ആരോഗ്യ സംവിധാനത്തിലുടനീളം പ്രതിസന്ധി സൃഷ്ടിക്കുന്നതായി എഎംഎ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 

കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി റൂമില്‍ പോയവരില്‍ 60 ശതമാനം പേരും തങ്ങളുടെ അനുഭവം മോശമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. പ്രവിശ്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടറില്ലെന്നും ആവശ്യമുള്ളപ്പോള്‍ പകുതിയിലധികം പേര്‍ക്ക് ഡോക്ടറെ കാണാനായില്ലെന്നും എഎംഎ റിപ്പോര്‍ട്ടിലുണ്ട്. 

ഫാമിലി ഡോക്ടറെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും രോഗികള്‍ പങ്കുവെച്ചു. ഒരു ഫിസിഷ്യന്റെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ പലപ്പോഴും രണ്ടാഴ്ച വരെ എടുക്കുന്നുണ്ടെന്നും ആളുകള്‍ പറയുന്നു. എമര്‍ജന്‍സി റൂമിലെ കാത്തിരിപ്പ് സമയം പ്രധാന ആശങ്കയായി തുടരുകയാണ്. പരിചരണത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണെന്നും പല രോഗികളും പ്രതികരിക്കുന്നു. 

അതേസമയം, എഎംഎയുടെ സര്‍വേ 1,100 പേരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണെന്നും ഇത് പൂര്‍ണമായ ചിത്രം നല്‍കുന്നില്ലെന്നും ആല്‍ബെര്‍ട്ട ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. കൂടുതല്‍ ഡോക്ടര്‍മാരെയും ആശുപത്രി കിടക്കകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികളിലെ മറ്റ് സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2025 മാര്‍ച്ച് അവസാനം വരെ 12,123 രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 491 ഡോക്ടര്‍മാരുടെ വര്‍ധനയുണ്ടായന്നും മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 317 പേര്‍ ഫാമിലി ഡോക്ടര്‍മാരാണെന്നും അധികൃതര്‍ അറിയിച്ചു.