10 വർഷം, കുഴിച്ച് മൂടിയത് പീഡനത്തിനിരയായ 100 യുവതികളെ, ഞെട്ടിക്കുന്ന വാദവുമായി ശുചീകരണ തൊഴിലാളി, അന്വേഷണത്തിന് കർണാടക പൊലീസ്

By: 600007 On: Jul 6, 2025, 2:27 PM

 

 

ക‍ർണാടക: പത്ത് വ‍ർഷത്തിനിടെ കുഴിച്ച് മൂടാൻ നിർബന്ധിതനായത് നൂറ് കണക്കിന് മൃതദേഹങ്ങളെന്ന വാദവുമായി ദളിത് ശുചീകരണ തൊഴിലാളി. കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തിൽ വിശദമാക്കുന്നത്. ദക്ഷിണ കർണാടകയിൽ ദീർഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാൾ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധർമസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാൾ. കുഴിച്ച് മൂടിയവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ പറയുന്നത്. 

സംഭവത്തിൽ ധർമസ്ഥല പൊലീസ് വിവരങ്ങൾ ഒളിച്ച് വയ്ക്കൽ കുറ്റം ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധ‍ർമസ്ഥലയിൽ 1995 മുതൽ 2014 വരെയാണ് ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങൾക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാൾ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങൾ മറവ് ചെയ്യാനും നിർബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്. കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ൽ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാൾ നിലവിൽ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഈ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നും മൃതദേഹങ്ങൾ കുഴിച്ചെടുക്കണമെന്നുമാണ് ഇയാൾ പൊലീസിനോട് ആവശ്യപ്പെടുന്നത്.

ആദ്യ തവണ മൃതദേഹം മറവ് ചെയ്യാൻ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പർ വൈസർ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളിൽ ചിലത് ഡീസൽ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധർമസ്ഥല ഗ്രാമത്തിൽ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തൽ. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തിൽ നിന്ന് ഒളിച്ച് പോയത്. ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നൽകിയാൽ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.