നവതിയുടെ നിറവിൽ ദലൈലാമ; തൊണ്ണൂറാം ജന്മദിനം ഇന്ന്, ആശംസകളുമായി പ്രധാനമന്ത്രി

By: 600007 On: Jul 6, 2025, 7:21 AM

 

 

ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽവിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിം​ഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിലെത്തിയിട്ടുണ്ട്. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരോടൊപ്പം പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ച ആശംസയിൽ പറയുന്നു. ലാമയുടെ സന്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ 130 വയസ് വരെ താൻ ജീവിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ പറഞ്ഞിരുന്നു. മരണത്തിന് ശേഷമാകും തന്‍റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്റെ പിന്തുടർച്ചാവകാശിയെ ദലൈ ലാമ ഉടൻ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമായി. എന്നാൽ മരണശേഷം തനിക്കൊരു പിന്‍ഗാമി ഉറപ്പായും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.