മാർഖാമിൽ കല്ലേറിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

By: 600110 On: Jul 5, 2025, 2:57 PM

 

മാർഖാമിൽ കല്ലേറിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 18 വയസ്സ് മാത്രം പ്രായമുള്ള രണ്ടു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.  കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നും നവംബർ 30 നും ഇടയിൽ, OPP അറോറ ഡിറ്റാച്ച്‌മെൻ്റിലെ അംഗങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ നിരവധി തവണ കല്ലേറുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സെപ്റ്റംബർ 20 നുണ്ടായ സംഭവത്തിൽ കല്ലേറിനെ തുടർന്ന് വാഹനം കൂട്ടിയിടിച്ച്  ഗുരുതരമായ  അപകടമാണ് ഉണ്ടായത്.  രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 20 നും നവംബർ 12 നും ഇടയിൽ ഹൈവേ 48 ൽ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ 11 വ്യത്യസ്ത കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഇതിന് പുറമെ യോർക്ക് പോലീസ് ഒമ്പത് കേസുകൾ കൂടി അന്വേഷിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത  യുവാക്കൾക്കെതിരെ  ഗുരുതരമായ ആക്രമണം, സ്വത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം ചെയ്യുന്ന സമയത്ത് പ്രതികൾക്ക്  പ്രായപൂർത്തിയാകാത്തതിനാൽ യൂത്ത് ക്രിമിനൽ ജസ്റ്റിസ് ആക്ട് പ്രകാരം അവരുടെ ഐഡന്റിറ്റി പുറത്തുവിട്ടിട്ടില്ല