ഒന്റാരിയോ ഓക്ക്‌വില്ലയിലെ ക്വീന്‍ എലിസബത്ത് വേ ഹൈവേയില്‍ വേഗതാ പരിധിയുടെ ഇരട്ടിയിലധികം വേഗതയില്‍ കാറോടിച്ച 18കാരനെ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പിടികൂടി. ജൂലൈ 2 നാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, ഡ്രൈവര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത മുതല്‍ 214 കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനമോടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും 18കാരന്‍ പോലീസ് വാഹനവുമായി മത്സരിച്ചോടാന്‍ ശ്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ടെസ്ല മോഡല്‍ Y കാറാണ് കൗമാരക്കാരന്‍ ഓടിച്ചതായി കാണുന്നത്. ഇത് ഇയാളുടെ പിതാവിന്റെ കാറാണെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവറുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒന്റാരിയോയിലെ ഹൈവേ ട്രാഫിക് ആക്ട് പ്രകാരം, സ്റ്റണ്ട് ഡ്രൈവിംഗിന് കൗമാരക്കാരനെതിരെ കേസെടുത്തു. തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. അതേ ദിവസത്തേക്ക് തന്നെ വാഹനം കണ്ടുകെട്ടുകയും ചെയ്തു.