വാന്‍കുവര്‍ നഗരത്തിലെ ചെറു സ്ട്രീറ്റുകളില്‍ വേഗപരിധി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനൊരുങ്ങി വാന്‍കുവര്‍ സിറ്റി കൗണ്‍സില്‍. വേഗത മണിക്കൂറില്‍ 30 കിലോമീറ്ററായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ജൂലൈ 9 ന് യോഗത്തില്‍ അവതരിപ്പിക്കും. നിലവില്‍, നഗരത്തിലെ എല്ലാ റോഡികളിലെയും വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. ട്രാഫിക് സംബന്ധമായ മരണങ്ങളും പരുക്കുകളും ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററില്‍ നിന്ന് 30 കിലോമീറ്ററായി കുറയ്ക്കുന്നത് വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന കാല്‍നടയാത്രക്കാരുടെ മരണനിരക്ക് 80 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ 25 കേന്ദ്രങ്ങളില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശുപാര്‍ശ. ഇതിന് 3.5 ലക്ഷം ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.