കനേഡിയന്‍ സന്ദര്‍ശകര്‍ക്ക് യുഎസ് ദേശീയോദ്യാനങ്ങളിലേക്കുള്ള പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നു  

By: 600002 On: Jul 5, 2025, 9:19 AM


അമേരിക്കയിലെ ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കാനഡയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതായി ജൂലൈ 3ന് വൈറ്റ് ഹൗസ് അറിയിച്ചു. ഈ അധിക ഫീസ് അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍, ആക്‌സസ്, അഫോര്‍ഡബിളിറ്റി എന്നിവ മെച്ചപ്പെടുത്തുന്നതിലേക്കാണ് പോവുക. 

വിദേശ സന്ദര്‍ശകര്‍ക്ക് മാത്രം ഫീസ് വര്‍ധിപ്പിക്കാനും ദേശീയ പാര്‍ക്കുകള്‍ കൂടുതല്‍ അഫോര്‍ഡബിളാക്കുന്നതിനും അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് ആസ്വാദ്യകരമാക്കാനും ഉത്തരവില്‍ ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ദേശീയോദ്യാനങ്ങളുടെ സംരക്ഷണ പദ്ധതികള്‍ക്കായി ദശലക്ഷകണക്കിന് പണം സമാഹരിക്കാനും, അറ്റകുറ്റപ്പണി പദ്ധതികള്‍ കുറയ്ക്കാനും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഫീസ് വര്‍ധിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണല്‍ പാര്‍ക്ക് സര്‍വീസ്(NPS) 2026 ല്‍ പുതിയ ഫീസ് പ്രഖ്യാപിക്കും. 

അതേസമയം, അമേരിക്കയിലെ എല്ലാ ദേശീയോദ്യാനങ്ങളും ഫീസ് ഈടാക്കുന്നില്ല. ചിലത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നിട്ടുണ്ട്. എങ്കിലും ഗ്രാന്‍ഡ് കാന്യണ്‍, യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, യോസെമൈറ്റ് തുടങ്ങിയ മറ്റ് ജനപ്രിയ പാര്‍ക്കുകള്‍ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.