ടെൽഅവീവ്: ഇറാനെതിരെ പ്രതിരോധം ശക്തമാക്കാൻ സേനകള്‍ക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്‍റെ ആണവ-മിസൈൽ ശേഷികള്‍ വീണ്ടെടുക്കാൻ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിനായി ഇന്‍റലിജന്‍സ്, വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും നിര്‍ദേശിച്ചു.
ഇറാന്‍റെ മിസൈലാക്രമണം ഇസ്രായേലിന് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തൽ ഉറപ്പാക്കാനും ഇറാനുമേൽ നിരീക്ഷണം തുടരാനുമുള്ള നടപടികളുമായി ഇസ്രയേൽ മുന്നോട്ടുപോകുന്നത്.
ഇസ്രേയലിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഇറാൻ ഇനിയൊരു നീക്കം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പദ്ധതിയാണ് ഇസ്രയേൽ സൈന്യം നടപ്പാക്കാനൊരുങ്ങുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്.
ഏതുസാഹചര്യവും നേരിടാൻ സൈന്യം ഒരുങ്ങിയിരിക്കണമെന്നും രഹസ്യാന്വേഷണത്തിലും നിരീക്ഷണത്തിലും ആക്രമണത്തിലും ഇസ്രയേൽ ഇറാനുമേൽ മേധാവിത്വം പുലര്‍ത്തണമെന്നും ഇനിയൊരു ആക്രമണം നടത്തുന്നതിനായി ഇറാൻ അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് നിര്‍ദേശം.
ഇറാൻ ആണവ ആയുധം ഉണ്ടാക്കുന്നതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പുതിയ മുന്നൊരുക്കം നടത്തുന്നത്. അതേസമയം, ആണവ ആയുദ്ധം ഉണ്ടാക്കൽ തങ്ങളുടെ പദ്ധതിയില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.12 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ജൂണ്‍ 24നാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്.
ആകാശത്ത് ഇറാനുമേൽ ഇസ്രയേൽ മേധാവിത്വം പുലര്‍ത്തണമെന്നും മേഖലയിൽ ഇറാനുമേൽ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നുമാണ് നിര്‍ദേശം. ഇറാനെതിരെ ശക്തമായ പ്രതിരോധ നയം തന്നെ രൂപീകരിക്കാനാണ് ഇസ്രയേലിന്‍റെ പദ്ധതി.