അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ 4ന് ഓട്ടവ സിറ്റി ഹാളിൽ പ്രോട്ടോക്കോൾ പ്രകാരം അമേരിക്കൻ പതാക ഉയർത്തും. കാനഡ - യു എസ് വ്യാപാര യുദ്ധത്തിനിടെ യുഎസ് പതാക ഉയർത്തുന്നത് ചരിത്രത്തെയും സൗഹൃദത്തെയും എടുത്തുകാണിക്കുന്നുവെന്ന് മേയർ മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു. സിറ്റി ഹാളിന് മുന്നിലുള്ള മരിയോൺ ദേവർ പ്ലാസയ്ക്ക് മുകളിൽ പതാക പറക്കുമെന്ന് നഗരം അറിയിച്ചു.
ഫെഡറൽ സർക്കാർ ഔപചാരിക നയതന്ത്ര ബന്ധം പുലർത്തുന്ന ഏതൊരു രാജ്യത്തിൻ്റെയും ദേശീയ ദിനത്തിൽ പതാക ഉയർത്തുകയെന്ന സാധാരണ പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മേയർ പറഞ്ഞു. തീരുമാനത്തെ ന്യായീകരിക്കാൻ മേയർ മാർക്ക് സട്ട്ക്ലിഫ് പ്രോട്ടോക്കോൾ ഉദ്ധരിക്കുകയും ചെയ്തു. നിരവധി സിറ്റി കൗൺസിലർമാർ മേയറുടെ തീരുമാനത്തെ അനുകൂലിച്ചു. ഗാസയിലെ യുദ്ധത്തിനിടയിൽ, ഇസ്രായേലിൻ്റെ സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താനുള്ള തീരുമാനത്തിൽ പലസ്തീൻ അനുകൂല ഗ്രൂപ്പുകൾ പ്രതിഷേധിച്ചതോടെ ഓട്ടവയിലെ പതാക ഉയർത്തൽ പ്രോട്ടോക്കോൾ അടുത്തിടെ വിവാദത്തിൽ പെട്ടിരുന്നു. ഓട്ടവയിൽ 190-ലധികം രാജ്യങ്ങളുടെ പതാകകൾ പ്രോട്ടോക്കോൾ അനുസരിച്ച് ഉയർത്തുക പതിവുണ്ട്.