കാനഡയിൽ സ്ഥിരതാമസമാക്കിയവരിൽ പലരും രാജ്യം ഉപേക്ഷിച്ച് പോകുന്നതായി റിപ്പോർട്ട്. ഇങ്ങനെ പോകുന്നവരിൽ ഭൂരിഭാഗവും ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിൽ നിന്നാണ്. വീടുകളുടെ ഉയർന്ന വിലയാകാം പാലായത്തിന് ഒരു പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഇക്കാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.
2025 ലെ ഒന്നാം പാദത്തിൽ പുറം രാജ്യങ്ങളിലേക്കുള്ള വലിയ ഒഴുക്കാണ് രേഖപ്പെടുത്തിയതെന്ന് അവർ പറയുന്നു. പ്രവിശ്യ തിരിച്ചുള്ള കണക്കുകൾ വിശകലനം ചെയ്യുമ്പോൾ രാജ്യം വിടുന്നവരുടെ ഏറ്റവും വലിയ ഉറവിടം ഒൻ്റാരിയോ ആണ് . ബിസിയിൽ നിന്നും നിരവധി പേരാണ് ഒഴിഞ്ഞു പോകുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ട് പ്രവിശ്യകളാണ് ഇവ രണ്ടും. എന്നെന്നേക്കുമായി രാജ്യം വിടുന്നവരിൽ മൂന്നിൽ രണ്ടിൻ്റെയും ഉറവിടം ഈ പ്രവിശ്യകളാണ്. എന്നെന്നേക്കുമായി രാജ്യം വിടുന്നവരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതുമായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2025 ലെ ആദ്യ പാദത്തിൽ കാനഡയിൽ നിന്നുള്ള എമിഗ്രേഷൻ 27100 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് ശതമാനം കൂടുതലാണിത്. 2017 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ എമിഗ്രേഷൻ ആണ് ഇത്. 2017 മുതൽ എമിഗ്രേഷൻ വർദ്ധിക്കുന്ന പ്രവണതയുമുണ്ട്.