ബീസി വിക്ടോറിയയിലെ ഊബര്‍ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവര്‍മാര്‍ക്ക് യൂണിയന്‍ പദവി ലഭിച്ചു

By: 600002 On: Jul 4, 2025, 1:40 PM

 

ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ ഊബറിന്റെ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവര്‍മാര്‍ക്ക് യൂണിയന്‍ പദവി ലഭിച്ചു. ആപ്പ് അധിഷ്ഠിത തൊഴിലാളികള്‍ക്ക് ഇതൊരു നാഴികക്കല്ലാണ്. ഇത് രാജ്യത്തൊരു പുതിയ മാതൃക സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ബുധനാഴ്ച ഇത് സംബന്ധിച്ച് യുണൈറ്റഡ് ഫുഡ് ആന്‍ഡ് കൊമേഴ്‌സ്യല്‍ വര്‍ക്കേഴ്‌സ് കാനഡ(UFCW)  പ്രഖ്യാപനം നടത്തി. 

യൂണിയന്‍ പറയുന്നതനുസരിച്ച്, UFCW വിന് കീഴിലുള്ള ബീസി ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷനെ തുടര്‍ന്ന് കാനഡയില്‍ ഔദ്യോഗികമായി രൂപീകൃതമാകുന്ന ഊബര്‍ ഡ്രൈവര്‍മാരുടെ ആദ്യ ഗ്രൂപ്പാണിത്. മെച്ചപ്പെട്ട ആരോഗ്യ, സുരക്ഷാ നടപടികള്‍, ആപ്പിന്റെ റേറ്റിംഗ് സിസ്റ്റത്തിലെ സുതാര്യത, അക്കൗണ്ട് നിര്‍ജ്ജീവമാക്കുന്നതിനുള്ള ന്യായമായ പ്രക്രിയകള്‍ എന്നിവയില്‍ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവര്‍മാരുടെ ക്യാമ്പയിന്‍. 

കാനഡയിലെ തൊഴിലാളി പ്രസ്ഥാനത്തിന് ഇത് നിര്‍ണായക നിമിഷമാണെന്ന് UFCW Canada  ദേശീയ പ്രസിഡന്റ് ഷോണ്‍ ഹാഗര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഈ ഡ്രൈവര്‍മാര്‍ ദേശീയ മാതൃക സൃഷ്ടിക്കുകയാണ്. ശക്തവും നീതിയുക്തവുമായ ആദ്യ കരാറിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ ഘട്ടങ്ങളിലും അവരെ പിന്തുണയ്ക്കാന്‍ UFCW പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.