പി പി ചെറിയാന്‍, ഡാളസ്
വാഷിംഗ്ടണ്‍: നികുതികള്‍ കുറയ്ക്കുക, കുടിയേറ്റത്തിനും സൈന്യത്തിനുമുള്ള ചെലവ് വര്‍ദ്ധിപ്പിക്കുക, മെഡിക്കെയ്ഡ്, എസ്എന്‍എപി, ക്ലീന്‍ എനര്‍ജി ഫണ്ടിംഗ് എന്നിവയില്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര നയ ബില്‍ പാക്കേജ് റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള പ്രതിനിധി സഭ പാസാക്കി. ബില്ലില്‍ ഇന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കും. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്ന് 214 നെതിരെ 218 വോട്ട് നേടിയാണ് ട്രംപ് തന്റെ സ്വപ്ന ബില്‍ പാസാക്കിയത്. ബില്‍ നേരത്തെ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു.
2017ല്‍ ആദ്യമായി പ്രസിഡന്റായപ്പോള്‍ കൊണ്ടുവന്ന താല്‍ക്കാലിക നികുതി നിര്‍ദേശങ്ങള്‍ സ്ഥിരമാക്കാനും 2024 ലെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിന് കഴിയും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രകൃതിസൗഹൃദ ഊര്‍ജ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
അമേരിക്കയിലും വിദേശത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളില്‍ വന്‍ സ്വാധീനമുണ്ടാക്കുന്ന ബില്ലാണ് പാസാക്കിയിരിക്കുന്നത്. കുടിയേറ്റവിരുദ്ധ നടപടികള്‍ക്ക് വന്‍തുക ചെലവിടാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നേരത്തേ, ബില്ലിലെ നിര്‍ദേശങ്ങള്‍ക്കെതിരെ സ്പേസ്എക്സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോണ്‍ മസ്‌ക് പരസ്യമായി രംഗത്തെത്തിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി, ഫെഡറല്‍ ചെലവ് ചുരുക്കല്‍ പാക്കേജ് കോണ്‍ഗ്രസ് പാസാക്കിയതോടെ ട്രംപ് അദ്ദേഹത്തിന്റെ രണ്ടാം ടേമിലെ ആദ്യത്തെ വലിയ വിജയം നേടിയിരിക്കുകയാണ്. ട്രംപിന്റെ വിപുലമായ ആഭ്യന്തര അജണ്ടയ്ക്ക് പിന്നില്‍ ആഴത്തില്‍ ഭിന്നിച്ച ഒരു പാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ ജിഒപി നേതാക്കള്‍ നടത്തിയ ശക്തമായ പ്രചാരണത്തെ തുടര്‍ന്നാണ് ബില്ല് പാസാക്കാനായത്.