പ്രാദേശിക രാഷ്ട്രീയക്കാരുടെ ശമ്പള പരിധി നിശ്ചയിക്കണമെന്ന് വാദിച്ച് പുതിയ വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സിലര്‍ ഡാനിയേല്‍ ഫോണ്ടെയ്ന്‍. മെട്രോ വാന്‍കുവറിലെ ചില മേയര്‍മാര്‍ ബീസിയിലെ കാബിനറ്റ് മന്ത്രിമാരേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നതായി ഫോണ്ടെയ്ന്‍ ആരോപിക്കുന്നു. ഫോണ്ടെയ്ന്‍ പറയുന്നതനുസരിച്ച് 2024 ല്‍ മേഖലയിലെ പല മേയര്‍മാര്‍ക്കും 200,000 ഡോളറിലധികം ലഭിച്ചു. ഇതില്‍ നാല് പേര്‍ക്ക് 300,000 ഡോളറിലധികമാണ് വരുമാനം ലഭിച്ചത്. ബേണബി മേയര്‍ മൈക്ക് ഹാര്‍ലി, പോര്‍ട്ട് കോക്വിറ്റ്‌ലാം മേയര്‍ ബ്രാഡ് വെസ്റ്റ്, ഡെല്‍റ്റ മേയര്‍ ജോര്‍ജ് വി ഹാര്‍വി, റിച്ച്മണ്ട് മേയര്‍ മാല്‍ക്കം ബ്രോഡി എന്നിവരാണ് ഇവര്‍.
ഇന്‍കം റാങ്കിംഗില്‍ ബ്രോഡിയാണ് മുന്നില്‍. വാന്‍കുവര്‍ മേയറേക്കാള്‍ ബ്രോഡി സമ്പാദിക്കുന്നുണ്ടെന്ന് ഫോണ്ടെയ്ന്‍ പറയുന്നു. മേയര്‍മാര്‍ സമ്പാദിക്കുന്ന കോംപന്‍സേഷനുകളില്‍ മേയര്‍മാരുടെ അടിസ്ഥാന ശമ്പളവും മെട്രോവാന്‍കുവര്‍, ട്രാന്‍സ്‌ലിങ്ക്, സൗത്ത് കോസ്റ്റ് ബ്രിട്ടീഷ് കൊളംബിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി തുടങ്ങിയ വിവിധ പ്രാദേശിക സ്ഥാപനങ്ങളില്‍ നിന്നുള്ള അധിക പേയ്‌മെന്റുകളും ഉള്‍പ്പെടുന്നു.
മെട്രോ വാന്‍കുവറിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരു ബീസി കാബിനറ്റ് മന്ത്രിയേക്കാള്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കരുതെന്ന് ഫോണ്ടെയ്ന്‍ ശുപാര്‍ശ ചെയ്യുന്നു. ബീസി കാബിനറ്റ് മന്ത്രിയുടെ വാര്‍ഷിക ശമ്പളം ഏകദേശം 180,000 ഡോളറാണ്. ഈ വര്‍ഷം ആദ്യം മെട്രോ വാന്‍കുവര്‍ റീജിയണല്‍ ഡിസ്ട്രിക്റ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, വരുമാന പ്രതിഫലത്തിന് പരിധി ഏര്‍പ്പെടുത്തിയാല്‍, മെട്രോ മേഖലയിലെ നികുതിദായകര്‍ക്ക് കഴിഞ്ഞ വര്‍ഷം ഏകദേശം 1.5 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന് പറയുന്നു. അതേസമയം, പരിധികള്‍ സ്വയം ഏര്‍പ്പെടുത്താമെന്ന ഫോണ്ടെയ്‌ന്റെ വാദം തെറ്റാണെന്ന് മെട്രോ വാന്‍കുവര്‍ റീജിയണല്‍ ഡിസ്ട്രിക്റ്റ് പറയുന്നു.