വാന്‍കുവറിലെ പഞ്ചാബി മാര്‍ക്കറ്റിന്റെ ശോഭ മങ്ങുന്നു 

By: 600002 On: Jul 4, 2025, 10:40 AM

 


ഒരു കാലത്ത് നൂറുകണക്കിന് ഉപഭോക്താക്കളെയും സന്ദര്‍ശകരെയും ദിവസവും ആകര്‍ഷിച്ചിരുന്ന അത്യാകര്‍ഷകമായ സ്ഥലമായിരുന്നു വാന്‍കുവറിലെ പഞ്ചാബി മാര്‍ക്കറ്റ്. ഇന്ത്യക്കാരെയും മറ്റ് ദക്ഷിണേഷ്യന്‍ സമൂഹത്തിനെയും കാനഡയിലെ സ്വദേശികളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുന്നില്ലെന്ന് ചില ബിസിനസ്സുകാര്‍ പറയുന്നു. 'ലിറ്റില്‍ ഇന്ത്യ'  എന്നാണ് മാര്‍ക്കറ്റ് അറിയപ്പെടുന്നത്. മെയിന്‍ സ്ട്രീറ്റ്, ഈസ്റ്റ് 49 അവന്യു എന്നിവടങ്ങളാണ് പ്രധാന കേന്ദ്രങ്ങള്‍. 

1970 കളില്‍ തുറന്ന പഞ്ചാബി മാര്‍ക്കറ്റ് ശരിക്കും ഒരു ചെറിയ ഇന്ത്യ തന്നെയായിരുന്നു. ദക്ഷിണേഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ തിരയുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും ഇഷ്ടസ്ഥലമായിരുന്നു പഞ്ചാബി മാര്‍ക്കറ്റ്. തിരക്കേറിയ കടകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ മാര്‍ക്കറ്റിലുണ്ട്. തിരക്ക് നിയന്ത്രണാതീതമാകുമ്പോള്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ നിരാശരാകുന്നു. കടകളില്‍ നീണ്ട നിര സൃഷ്ടിക്കപ്പെടുന്നു. ജനങ്ങള്‍ പാര്‍ക്കിംഗ് കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റിന്റെ അവസ്ഥ ഇങ്ങനെയല്ല. ഈ വര്‍ഷാവസാനത്തോടെ കടകള്‍ അടച്ചുപൂട്ടേണ്ടി വരുന്ന സ്ഥിതിയാണെന്ന് പല വ്യാപാരികളും പറയുന്നു. 

വളരെ വലിയ മാറ്റമാണ് പഞ്ചാബി മാര്‍ക്കറ്റിന് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ വാന്‍കുവറിലും മറ്റും താമസിക്കുന്ന തലമുറയില്‍ ഭൂരിഭാഗവും പഴയതുപോലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരല്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് വളരെ ചെറിയ കാര്യം മാത്രമാണ്. രണ്ടാമതായി, വാന്‍കുവര്‍ വളരെ ചെലവേറിയ നഗരമാണ്. കഴിഞ്ഞ 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ കുടിയേറി വന്ന എല്ലാ പുതിയ ആളുകളും സറേയിലേക്കാണ് പോയത്. 

സറേ വാന്‍കുവറിനെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ നഗരമാണ്. ബ്രിട്ടീഷ് കൊളംബിയയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി സറേ മാറിയിരിക്കുകയാണ്. നിരവധി ദക്ഷിണേഷ്യന്‍ കടകള്‍, സ്ട്രിപ്പ് മാളുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയുടെ കേന്ദ്രമാണ് സറേ. 

കൂടാതെ, പഞ്ചാബി മാര്‍ക്കറ്റിന്റെ പ്രാരംഭ കാലത്തുണ്ടായിരുന്ന പല വ്യാപാരികള്‍ക്കും പ്രായമായതിനാല്‍ ഈ മേഖലയില്‍ നിന്നു തന്നെ വിരമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയ്ക്ക് താല്‍പ്പര്യമില്ലാത്തതും പഞ്ചാബി മാര്‍ക്കറ്റിന്റെ പ്രൗഢി മങ്ങുന്നതിന് കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.