തെന്നിന്ത്യൻ സിനിമയിൽ തുടക്കം കുറിച്ച് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയാണ് അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നത്. ആമിർ ഖാന്റെ ക്യാരക്ടർ ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ദഹാ(Dahaa) എന്ന കഥാപാത്രത്തെയാണ് ആമിർ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുക.
30 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് കൂലി. 1995-ൽ ദിലീപ് ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ക്രൈം ത്രില്ലര്‍ ചിത്രം ആദങ്ക് ഹി ആദങ്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കൂലിയിൽ അതിഥി വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നതെന്നാണ് വിവരം. തിരക്കഥ പോലും വായിക്കാതെയാണ് താൻ ഈ വേഷം ചെയ്യാൻ സമ്മതിച്ചതെന്ന് നേരത്തെ ആമിർ വെളിപ്പെടുത്തിയിരുന്നു.
‘ഞാൻ ശരിക്കും ആസ്വദിച്ച് ചെയ്ത സിനിമയാണ് കൂലി. രജനി സാറിൻ്റെ വലിയ ആരാധകനാണ് ഞാൻ. വലിയ ആരാധകനാണ്. അദ്ദേഹത്തോട് എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ തിരക്കഥ പോലും ഞാൻ കേൾക്കാൻ നിന്നല്ല. ലോകേഷ് വന്ന് കാര്യം പറഞ്ഞപ്പോൾ ഞാൻ ഉടൻ സമ്മതം അറിയിക്കുകയും ചെയ്തു’, എന്നായിരുന്നു നേരത്തെ ആമിര്‍ ഖാന്‍ പറഞ്ഞത്.
വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രമാണ് കൂലി. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ്, പൂജ ഹെഗ്‌ഡെ എന്നിവരും കൂലിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.