ജീവിച്ചിരിക്കുന്നയാളെ മരിച്ചതായി പ്രഖ്യാപിച്ച് കനേഡിയൻ റവന്യൂ ഏജൻസി

By: 600110 On: Jul 3, 2025, 12:41 PM

 

കാനഡ റവന്യൂ ഏജൻസിയുടെ ഗുരുതരമായ പിഴവിനെ തുടർന്ന് കനേഡിയൻ വയോധികയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി പരാതി. ജൂന” മില്ലർ എന്ന 65 വയസ്സുള്ള വാൻകൂവർ സ്വദേശിനിയെ ആണ് കാനഡ റവന്യു ഏജൻസി (CRA)  മരിച്ചതായി പ്രഖ്യാപിച്ചത്. 2025 മെയ് മാസത്തിൽ ജൂന ഭർത്താവ് ജോർജിയോയുടെ റിട്ടേണിനൊപ്പം തൻ്റെയും നികുതി റിട്ടേൺ സമർപ്പിച്ചിരുന്നു; ജോർജിയോ 2024 സെപ്റ്റംബറിൽ മരിച്ചു.  ഏതാനും ആഴ്ചകൾക്കുശേഷം, അവർ തൻ്റെ CRA അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് പരാജയപ്പെട്ടു. തുടർന്ന് ഏജൻസിയെ വിളിച്ചപ്പോഴാണ് ജൂന മരിച്ചതായി രേഖപ്പെടുത്തി എന്നറിഞ്ഞ് അവർ ഞെട്ടിയത്. CRA യുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പ്രതിസന്ധികളാണ് ജൂനയ്ക്ക് ഉണ്ടാക്കിയത്.

മരിച്ചുവെന്ന് രേഖപ്പെടുത്തപ്പെട്ടതിൻ്റെ ഫലമായി അവർക്ക് പെൻഷനും സോഷ്യൽ ഇൻഷുറൻസ് നമ്പറും ബാങ്ക് അക്കൗണ്ടിലേക്കുള്ള പ്രവേശനവും നഷ്ടമായി. ഒരു കമ്പനി ജോലി നൽകാൻ തയ്യാറായിരുന്നെങ്കിലും SIN ഇല്ലാത്തതിനാൽ അവളെ നിയമിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഒരു മരണ സർട്ടിഫിക്കറ്റ് പോലും ചോദിക്കാതെ താൻ മരിച്ചുവെന്ന് പറയാൻ, അവർക്ക് അഞ്ച് സെക്കൻഡ് പോലും എടുക്കേണ്ടി വന്നില്ലെന്ന് ജൂന പറഞ്ഞു. പക്ഷെ  താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ആറ് മാസമെടുക്കുമെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും ജൂന പറയുന്നു. പിന്നീട് ഒരു മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിനും മറ്റ് അഗ്നിപരീക്ഷകൾക്കും ശേഷമാണ് ജൂനയുടെ പെൻഷനും, സോഷ്യൽ ഇൻഷുറൻസ് നമ്പറും പുനസ്ഥാപിച്ച് കിട്ടിയത്.