വാഷിങ്ടണ്‍: ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നപ്പോഴാണ് സക്കർബർഗിനെ ട്രംപ് ഓഫീസില്‍ നിന്നും പുറത്ത് പോകാൻ നിർദ്ദേശിച്ചതെന്നാണ് വാർത്തകൾ. അതീവ രഹസ്യ സ്വഭാവമുള്ള മീറ്റിംഗിലേക്ക് സക്കർബർഗ് എത്തിയതുകണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. ഇതോടെ സക്കര്‍ബെര്‍ഗിനോട് ഓവല്‍ ഓഫീസിന്റെ പുറത്തുപോകാന്‍ ട്രംപ് നിര്‍ദേശിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എയര്‍ഫോഴ്‌സിന്‍റെ നെക്‌സ്റ്റ് ജനറേഷന്‍ ഫൈറ്റര്‍ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന അതീവ സുപ്രധാന ചര്‍ച്ചയ്ക്കിടെയാണ് സക്കര്‍ബെര്‍ഗ് അപ്രതീക്ഷിതമായി കടന്നു ചെന്നത്. ഇതു കണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഞെട്ടിയെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത് . ഈ യോഗത്തിൽ പങ്കെടുക്കാൻ സക്കർബർഗിന് സുരക്ഷാ അനുമതി ഉണ്ടായിരുന്നില്ല. സ്കക്കർ ബർഗിനോട് ട്രംപ് പുറത്ത് പോകാൻ നിർദ്ദേശിക്കുകയും, കാത്ത് നിൽക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് വിവരം. എന്നാൽ എപ്പോഴാണ് ഈ സംഭവം നടന്നതെന്ന കാര്യം വ്യക്തമല്ല.
എന്നാൽ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിനോട് ഓഫീസിൽ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്ന വാർത്തകൾ ശരിയല്ലെന്നാണ് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ട്രംപിന്റെ അഭ്യര്‍ഥന പ്രകാരം, അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കര്‍ബെര്‍ഗ് കടന്നുചെന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. പിന്നീട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി സക്കർബർഗ് കാത്തിരുന്നു. ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപും-സക്കര്‍ബെര്‍ഗും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.