യൂട്യൂബിന്‍റെ പുതിയ നിയമം; ഇനി ഈ പ്രായത്തിന് താഴെയുള്ളവർക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാൻ കഴിയില്ല

By: 600007 On: Jul 3, 2025, 12:18 PM

 

 

 

 

 

കാലിഫോര്‍ണിയ: ലൈവ് സ്ട്രീമിംഗ് നയത്തിൽ വലിയ മാറ്റം വരുത്തി യൂട്യൂബ്. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും. ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ.

16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെയൊരു മുതിർന്ന വ്യക്തി ഇനി നിർബന്ധമാണ്. ആ മുതിർന്ന വ്യക്തിക്ക് യൂട്യൂബ് ചാനലിന്‍റെ എഡിറ്റർ, മാനേജർ അല്ലെങ്കിൽ ഉടമയോ ആകാം എന്നും യൂട്യൂബിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. 

ഈ മാറ്റം കൂടുതൽ കുടുംബങ്ങൾ യൂട്യൂബിൽ ഒരുമിച്ച് ലൈവ്സ്ട്രീം ചെയ്യുന്ന പ്രവണതയിലേക്ക് നയിക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് ലൈവ്സ്ട്രീം ചെയ്യാൻ അനുവാദമില്ലാത്തതിനാൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ സാങ്കേതിക നിയന്ത്രണം കൈകാര്യം ചെയ്യേണ്ടി വരും. മാത്രമല്ല ലൈവ്സ്ട്രീം സമയത്ത് കുട്ടികളെ നിരീക്ഷിക്കുകയും വേണം. ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ഒരു പുതിയ ഡിജിറ്റൽ ബന്ധം സൃഷ്‍ടിക്കാൻ സഹായിക്കുമെന്നും യൂട്യൂബ് കരുതുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് ലൈവ് സ്ട്രീം ചെയ്യുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ഒരു പുതിയ ഡിജിറ്റൽ മാർഗമായി മാറുകയും ചെയ്യും. യൂട്യൂബ് ഒരു ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഈ മാറ്റം ഗുണം ചെയ്യും. സൈബർ ഭീഷണിയിൽ നിന്നും അപരിചിതരുമായുള്ള തത്സമയ ചാറ്റ് മൂലമുണ്ടാകുന്ന ദോഷങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കാനും യൂട്യൂബിന്‍റെ ഈ പുതിയ നിയമം സഹായിക്കും.