അപകടത്തില്‍ ലംബോര്‍ഗിനി കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു, തിയാഗോ ജോട്ടയുടെ മരണത്തില്‍ ഞെട്ടി ഫുട്ബോൾ ലോകം

By: 600007 On: Jul 3, 2025, 12:14 PM

 

 

 

 

മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം തിയാഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് ഫുട്ബോള്‍ ലോകം. വിവാഹിതനായി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് സ്പെയിനിലുണ്ടായ കാര്‍ അപകടത്തില്‍ 28കാരനായ ജോട്ട കൊല്ലപ്പെടുന്നത്. സഹോദരന്‍ ആന്ദ്രെ സില്‍വക്കൊപ്പം(26)ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ജോട്ട സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ അപകടത്തില്‍ മറിഞ്ഞ് തീപിടിച്ചത്.

മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ ടയര്‍ പൊട്ടി നിയന്ത്രണം തെറ്റി മറിഞ്ഞ കാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീപീടിച്ച് പൂര്‍ണമായും കത്തിയമരുകയായിരുന്നു. വ്യഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് കുറച്ച് ചാരവും കാറിന്‍റെ ഏതാനും ലോഹഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ മാസം 22നായിരുന്നു ദീര്‍ഘകാല സുഹൃത്തായ കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചത്. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച ലിവര്‍പൂളിലേക്ക് പോകാനിരിക്കെയാണ് മരണം കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ജോട്ടയെ തട്ടിയെടുത്തത്. അപകട വിവരം അറിഞ്ഞതിന് പിന്നാലെ ലിവര്‍പൂളിന്‍റെ ആസ്ഥാനമായ ആൻഫീല്‍ഡില്‍ നിരവധി ആരാധകരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്. ഒരിക്കലും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു പോര്‍ച്ചുഗല്‍ ടീമിലെ സഹതാരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജോട്ടയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പ്രതികരിച്ചത്.