ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പത്ത് മിനിറ്റിനുള്ളില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ താഴേക്ക് പതിച്ചു; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാര്‍

By: 600002 On: Jul 3, 2025, 11:32 AM

ഷാങ്ഹായില്‍ നിന്ന് ടോക്കിയോയിലേക്കുള്ള ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പത്ത് മിനിറ്റിനുള്ളില്‍ ഏകദേശം എട്ട് കിലോമീറ്റര്‍(26,000 അടി ഉയരം) താഴേക്ക് പതിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ബോയിംഗ് 737 വിമാനത്തിലെ യാത്രക്കാര്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. യാത്രക്കാര്‍ക്ക് ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപയോഗിക്കേണ്ടി വന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും സംഭവത്തില്‍ ദരവസ്ഥ അനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് 15,000 യെന്‍( 142 കനേഡിയന്‍ ഡോളര്‍) നഷ്ടപരിഹാരവും ഒരു രാത്രി സൗജന്യ താമസവും നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ലോ-കോസ്റ്റ് സഹസ്ഥാപനമായ സ്പ്രിംഗ് ജപ്പാനുമായി കോഡ്-ഷെയര്‍ കരാറിലുള്ള വിമാനമാണ് കാന്‍സൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നത്. യാത്രയ്ക്കിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ കാരണം. 

191 യാത്രക്കാരും ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 36,000 അടി ഉയരത്തില്‍ നിന്ന് പത്ത് മിനിറ്റിനുള്ളില്‍ 10,500 അടി ഉയരത്തിലേക്കാണ് വിമാനം കൂപ്പുകുത്തിയത്. പെട്ടെന്നുണ്ടാകുന്ന മര്‍ദ്ദവ്യത്യാസം ചിലര്‍ക്ക് ബോധം നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടാക്കും. അതിനാലാണ് യാത്രക്കാരോട് ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ ക്രൂ അംഗങ്ങള്‍ നിര്‍ദ്ദേശം നല്‍കിയത്.