ഒഷാവയിൽ മുസ്ലീം സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസ്. ഒരു പ്രാദേശിക റസ്റ്റോറൻ്റ് ഉടമയായ സ്ത്രീയെ ആണ്, റസ്റ്റോറൻ്റ് കൊള്ളയടിക്കാൻ ശ്രമിച്ച ഒരു സംഘം ആക്രമിച്ചതെന്ന് NCCM സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. ആക്രമികൾ സ്ത്രീയുടെ ഹിജാബ് വലിച്ചൂരുകയും, തലയിൽ ചവിട്ടുകയും ചെയ്തെന്നും അവർ വ്യക്തമാക്കി. വിദ്വേഷം പ്രേരിതമായ കുറ്റകൃത്യമായി കണക്കിലെടുത്ത് പോലീസ് ഈ സംഭവം അന്വേഷിക്കണമെന്ന് എൻസിസിഎം ആവശ്യപ്പെട്ടു.
അതേ സമയം സംഭവത്തെക്കുറിച്ച് ഡർഹാം റീജിയണൽ പോലീസ് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തുടനീളം ഇസ്ലാമോഫോബിക് ആക്രമണങ്ങൾ വർദ്ധിച്ചുവെന്നും ഡർഹാം മേഖലയിൽ അടുത്തിടെ ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ടെന്നും NCCM ആരോപിച്ചു. വാർത്താ സമ്മേളനം നടത്തി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാണ് എൻസിസിഎമ്മിൻ്റെ തീരുമാനം.